22 December Sunday

ആരോപണങ്ങൾ ആർക്കെതിരെയും ഉണ്ടാവാം; സിദ്ദിഖ് അമ്മയിലെ ആൾക്കാർ തിരഞ്ഞെടുത്ത ജനറൽ സെക്രട്ടറി: പിന്തുണച്ച് ധർമജൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കൊച്ചി > അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ രാജിയിൽ പ്രതികരിച്ച് നടൻ ധർമജൻ ബോൾ​ഗാട്ടി. സി​ദ്ദിഖ് രാജി വച്ചത് മാന്യമായ തീരുമാനമാണെന്നും അ​ദ്ദേഹം കാണിച്ചത് മാതൃകയാണെന്നുമായിരുന്നു ധർമജന്റെ പ്രതികരണം. അമ്മയിലെ സ്ത്രീകളും പുരുഷൻമാരും ചേർന്ന് വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ജനറൽ സെക്രട്ടറിയാണ് സിദ്ദിഖ് എന്നും വെറുതെ ജനങ്ങൾ തിരഞ്ഞെടുത്തതല്ല എന്നും അത് മറക്കരുതെന്നും ധർമജൻ ന്യായീകരിച്ചു.

ആരോപണ വിധേയനായ ആൾ രാജി വയ്ക്കുക എന്നുള്ളത് മാന്യമായ പ്രവർത്തിയാണ്. അത് ഒരുപാട് ആൾക്കാർ കാണിച്ചിട്ടുള്ള പ്രവണതയാണ്, എ കെ ആന്റണിയും കരുണാകരനുമൊക്കെ മുമ്പ് ചെയ്തിട്ടുള്ളതാണ്. പ്രശ്നങ്ങളുണ്ടായിട്ടും രാജി വയ്ക്കാത്ത എത്രയോ പേരുണ്ട്. വളരെ മാന്യമായ കാര്യമാണ് സിദ്ദിഖ് ചെയ്തത്. എനിക്ക് വളരെ അടുത്ത സൗഹൃദമുള്ളയാളാണ് സി​ദ്ദിഖ്. അദ്ദേഹത്തിന്റെ നടപടിയിൽ അഭിമാനമാണ് തോന്നുന്നത്.

അമ്മയിലെ എല്ലാ ആൾക്കാരും മോശക്കാരല്ല. അങ്ങനെ കരുതരുത്. അമ്മയിലെ സ്ത്രീകളും പുരുഷൻമാരും ചേർന്ന് വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ജനറൽ സെക്രട്ടറിയാണ് സിദ്ദിഖ്. വെറുതെ ജനങ്ങൾ വോട്ട് ചെയ്ത് തെരഞ്ഞെടുത്തതല്ല. അമ്മയിൽ എത്ര സ്ത്രീകളും പുരുഷൻമാരുമൊക്കെയുണ്ട്. ഞങ്ങളൊക്കെകൂടി വോട്ട് ചെയ്തിട്ടല്ലേ ഇവരെ ജയിപ്പിച്ചത് ഒക്കെ. ഇതൊക്കെ ആരോപണമാണ്. തെളിയിക്കപ്പെടേണ്ടത് രണ്ടാമത്തെ കാര്യമാണ്. ആരോപണം ആർക്കെതിരെയും പറയാം. തെളിയിക്കപ്പെടണം. വെറുതെ പറഞ്ഞിട്ട് പോയിട്ട് കാര്യമില്ലെന്നും ധർമജൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top