30 September Monday
ധീരജിന്റെപേരിൽ 
പുഷ്‌പചക്രമർപ്പിച്ച്‌ അച്ഛൻ

അവരെത്തി 
പ്രിയസഖാവിനെ കാണാൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ പുഷ്‌പന്‌ ആദരാജ്ഞലി അർപ്പിക്കുന്നു

കൂത്തുപറമ്പ്‌
രക്തസാക്ഷി ധീരജിന്റെപേരിൽ പുഷ്‌പക്രമർപ്പിച്ച്‌ അച്ഛൻ രാജേന്ദ്രൻ. കൂത്തുപറമ്പ്‌ രക്തസാക്ഷി സ്‌തൂപത്തിലെ പൊതുദർശനത്തിലാണ്‌ ‘ രക്തസാക്ഷി ധീരജ്‌ രാജേന്ദ്രന്റെ സ്‌മരണയ്‌ക്ക്‌’ എന്ന പേരിൽ പുഷ്‌പചക്രമർപ്പിച്ചത്‌. പ്രസ്ഥാനത്തിനായി ജീവൻവെടിഞ്ഞ രണ്ടുപേരുടെ ഓർമകൾ ഇവിടെ വൈകാരിക നിമിഷങ്ങളാണ്‌ സൃഷ്‌ടിച്ചത്‌.

 ‘‘ പുഷ്‌പനെക്കുറിച്ച്‌  കേട്ടപ്പോഴെല്ലാം ഒരിക്കലെങ്കിലും നേരിട്ട്‌ കാണണമെന്ന്‌ കരുതിയതാണ്‌. ധീരജിന്റെ വേർപാടിന്റെ  ദുഃഖത്തിൽനിന്ന്‌ പുറത്തുകടക്കാനാകാത്തതിനാൽ എവിടെയും പോകാറില്ലായിരുന്നു. അവസാന കാഴ്‌ച ഇങ്ങനെയായി. തളർന്നുവീണാലും ഉയിർത്തെഴുന്നേൽക്കണമെന്ന്‌ നമ്മോടു പറഞ്ഞ ജീവിതമാണ്‌ പുഷ്‌പന്റേത്‌.വലിയ നഷ്‌ടമാണ്‌ ഈ വേർപാട്‌ ’’ –-രാജേന്ദ്രൻ പറഞ്ഞു.

രോഗശയ്യയിലും അവരെത്തി 
പ്രിയസഖാവിനെ കാണാൻ

നെഞ്ചിനുതാഴെ ചലനമറ്റു കിടക്കുന്ന മുഴപ്പിലങ്ങാട്ടെ കണ്ടോത്ത്‌ സുരേശൻ കാറിലിരുന്നാണ്‌ പുഷ്‌പന്‌ അന്തിമോപചാരമർപ്പിച്ചത്‌. പുഷ്‌പൻ വെടിയേറ്റു വീണ കൂത്തുപറമ്പ്‌ സമരഭൂമിയിൽ അന്ന്‌ സുരേശനുമുണ്ടായിരുന്നു. തലശേരി സഹകരണ ആശുപത്രിയിൽ പരിക്കേറ്റവരെ കൊണ്ടുവന്നപ്പോൾ അവിടെയുമുണ്ടായിരുന്നു. ഇന്നും ആ ഭീകരത മനസ്സിൽനിന്ന്‌ പോയിട്ടില്ലെന്ന്‌ 20 വർഷമായി  ശയ്യാവലംബിയായ സുരേശൻ പറഞ്ഞു.

ഗുഡ്‌സ്‌ ഓട്ടോ ഡ്രൈവറായിരുന്ന സുരേശന്‌ ആർഎസ്‌എസ്‌ ആക്രമണത്തിലാണ്‌ ചലനശേഷി നഷ്ടപ്പെട്ടത്‌. 2004 ഒക്‌ടോബർ 31ന്‌ ധർമടം മൊയ്‌തുപ്പാലത്തിൽവച്ചാണ്‌ മുഴപ്പിലങ്ങാട്‌ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സുരേശനെ ആർഎസ്‌എസ്സുകാർ വെട്ടിപ്പരിക്കേൽപ്പിച്ചത്‌. തലയ്‌ക്കും കണ്ണിനുമടക്കം ദേഹമാസകലം വെട്ടേറ്റ സുരേശന്റെ സുഷുമ്‌ന നാഡി വേർപ്പെടുകയും ചലനശേഷി നഷ്‌ടപ്പെടുകയുംചെയ്‌തു.

ദേഹം തളർന്നുകിടക്കുമ്പോഴും പുഷ്‌പനെ സന്ദർശിക്കുമായിരുന്നു. അവസാനമായി കണ്ടത്‌ രണ്ടുവർഷം മുമ്പാണ്‌. ഒരുമിച്ചുള്ള ഫോട്ടോയെടുത്താണ്‌ പിരിഞ്ഞത്‌. സഹനത്തിന്റെ അവസാനവാക്കായിരുന്നു പുഷ്‌പൻ, തളരാത്ത പോരാട്ടവീര്യത്തോടെ അവസാനംവരെയും ചുറ്റുമുള്ളവർക്ക്‌ ആവേശമായി ജീവിച്ചു. ഒരേ ശാരീരിക അവസ്ഥയായിരുന്നുവെങ്കിലും എനിക്ക്‌ കൈകൾ ചലിപ്പിക്കാൻ സാധിക്കുന്ന സ്ഥിതിയാണ്‌.  കൈകൊണ്ട്‌ നിയന്ത്രിക്കാവുന്നതരത്തിൽ രൂപകൽപ്പനചെയ്‌ത ആൾട്ടോ കാറിലാണ്‌ സഞ്ചരിക്കുന്നതെന്ന്‌ സുരേശൻ പറഞ്ഞു. നിലവിൽ സിപിഐ എം മുഴപ്പിലങ്ങാട്‌ കൂടക്കടവ്‌ ബ്രാഞ്ച്‌ സെക്രട്ടറിയാണ്‌.

   അവസാനമായി ഒരുനോക്കു കാണാനും അന്ത്യാഭിവാദ്യമർപ്പിക്കാനും വടക്കുമ്പാട്ടെ വിപിനും എത്തി. അത്രയ്‌ക്ക്‌ ആവേശമായിരുന്നു പുഷ്‌പൻ. ജോലിക്കിടെ വീഴ്‌ചയിൽ കാലിന്റെ എല്ലുപൊട്ടി വീട്ടിലാണ്‌ വിപിൻ. മരണവാർത്തയറിഞ്ഞതോടെ പോകാതിരിക്കാൻ കഴിഞ്ഞില്ല. ചെറുപ്പം മുതൽ കേൾക്കുന്ന പേരാണ്‌ പുഷ്‌പന്റേത്‌. സുഹൃത്തുക്കളുടെ സഹായത്തോടെയാണ്‌ ടൗൺഹാളിലെത്തിയത്‌.

രണ്ടു വർഷംമുമ്പ് പുഷ്പനെ കാണാൻ സുരേശൻ വീട്ടിലത്തിയപ്പോൾ 
(ഫയൽ)

രണ്ടു വർഷംമുമ്പ് പുഷ്പനെ കാണാൻ സുരേശൻ വീട്ടിലത്തിയപ്പോൾ 
(ഫയൽ)


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top