ചെറുതോണി > ധീരജിന്റെ ഇളംചോരക്കും കുടുംബത്തിന്റെ കണ്ണീരിനും ഡീൻകുര്യാക്കോസ് എംപി കണക്ക് പറയേണ്ടി വരുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ധീരജിന്റെ മാതാപിതാക്കൾ കണ്ണീരുണങ്ങാതെ വീട്ടിൽ ജീവച്ഛവമായി കഴിയുമ്പോഴാണ് ഡീൻകുര്യാക്കോസ് ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി നിഖിൽ പൈലിക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. വിദ്യാർഥികളുടെ മുന്നിലിട്ട് ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കൊടുംക്രിമിനലിന് അഭിവാദ്യമർപ്പിച്ച ഡീൻ കുര്യാക്കോസ് എംപിക്ക് കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം.
നാലുമാസം കൂടി കഴിഞ്ഞ് ധീരജ് എൻജിനീയറായി വീട്ടിൽ മടങ്ങിയെത്തുമായിരുന്നു. കുടുംബത്തിന്റെ സ്വപ്‌നവും പ്രതീക്ഷയുമായിരുന്നു ആ യുവാവ്. എന്നാൽ, ധീരജിന്റെ ചേതനയറ്റ ശരീരമാണ് തളിപ്പറമ്പിലെ വീട്ടിലേക്ക് ഡീൻകുര്യാക്കോസും കൂട്ടരും കൊടുത്തയച്ചത്.
ധീരജിന്റെ ഹൃദയധമനികളിൽ നിഖിൽ പൈലിയുടെ കഠാര ആഴ്‌ന്നിറങ്ങിയതിന്റെ ചൂടുമാറും മുമ്പാണ് ജാമ്യം കിട്ടിയ മുഖ്യപ്രതിക്ക് കോൺഗ്രസ് ഓഫീസിൽ സ്വീകരണം ഒരുക്കിയത്. ഒറ്റക്കുത്തിന് കൊല്ലാൻ പ്രാവീണ്യം നേടിയ നിഖിൽ പൈലി, പാർടി തീരുമാനം നടപ്പാക്കാനാണ് കഠാരയുമായി കാമ്പസിലെത്തിയത്. സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്ന കലാലയത്തിലേക്ക് യൂത്ത്‌കോൺഗ്രസ് ക്രിമിനൽ സംഘത്തെ പറഞ്ഞയച്ചത് കോൺഗ്രസ് നേതൃത്വമാണ്. തെളിവ് നശിപ്പിച്ചതും പ്രതികളെ ഒളിവിൽ താമസിപ്പിച്ചതും അഭിഭാഷകരെ നിശ്ചയിച്ചതുമെല്ലാം ഇവർ തന്നെയാണ്.
പ്രതികൾക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്വീകരണമൊരുക്കാൻ കെ സുധാകരനെ കൊണ്ടുവന്നതും കോൺഗ്രസ് ഗൂഢാലോചനയുടെ തെളിവാണ്. മകൻ നഷ്ടമായ വേദനയിൽ നെഞ്ചുരുകി കഴിയുന്ന മാതാപിതാക്കളുടെ അവസ്ഥ മനസിലാക്കാത്ത എംപി കഠാര രാഷ്‌ട്രീയത്തിന്റെ വക്താവാണ്. എംപിയുടെ പ്രതികരണം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചു. കൊലയാളികൾക്ക് കത്തിയും നിർദേശവും നൽകി പറഞ്ഞുവിട്ടവർക്കു മാത്രമെ കൃത്യം നടത്തിയവർക്ക് ആശംസകൾ നേരാൻ കഴിയൂ. ധീരജിന്റെ കുടുംബത്തിന് നീതി ലഭിക്കാൻ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും കൊലയാളിക്കൊപ്പം നിലകൊണ്ട എംപിയെ തുറന്നുകാട്ടുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..