18 November Monday
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സമർപ്പിച്ചു

നിഖിൽ പൈലിയുടെ ഒറ്റക്കുത്തിൽ ധീരജിന്റെ ഹൃദയധമനി അറ്റുപോയി; 15 മിനിറ്റിനുള്ളിൽ മരണം

വെബ് ഡെസ്‌ക്‌Updated: Sunday Apr 3, 2022

ഇടുക്കി > ധീരജ്‌ വധക്കേസിൽ ഇടുക്കി ജില്ലാ സെഷൻസ്‌ കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രതനൊപ്പം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സമർപ്പിച്ചു. ഒന്നാം പ്രതി നിഖിൽ പൈലിയുടെ ഒറ്റക്കുത്തിനുതന്നെ ഹൃദയധമനി വാൽവ്‌ അറ്റുപോയി ധീരജിന്റെ മരണം സംഭവിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്‌.

ഇടതുനെഞ്ചിൽ മൂന്ന്‌ സെന്റീമീറ്റർ ആഴവും 0.8 സെന്റീമീറ്റർ വീതിയും മുറിവിനുണ്ട്‌. ആഴത്തിലുള്ള മുറിവിലൂടെ രക്തം ഉള്ളിലേക്കിറങ്ങി. ജനുവരി പകൽ 1.15നാണ്‌ ധീരജിന്‌ കുത്തേറ്റത്‌. 1.30നുതന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. നിഖിൽ പൈലി പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മടക്ക്‌ കത്തികൊണ്ടാണ്‌ കുത്തിയത്‌. പ്രൊഫഷണൽ കൊലയാളിയുടെ വൈദഗ്‌ധ്യത്തോടെ കൊല്ലുക എന്ന ലക്ഷ്യമായിരുന്നു പ്രതിക്കുണ്ടായിരുന്നതെന്ന്‌ വ്യക്തമാണ്‌. ഒറ്റക്കുത്തിൽതന്നെ ഹൃദയത്തിലേക്ക്‌ രക്തം പമ്പുചെയ്യുന്ന പ്രധാന വാൽവ്‌ ഛേദിക്കപ്പെട്ടതായാണ്‌ ഇടുക്കി മെഡിക്കൽ കോളേജിലെ പൊലീസ്‌ സർജൻ അസിസ്റ്റന്റ്‌ പ്രൊഫ. ഡോ. വിശാൽ വിൻസന്റ്‌ നൽകിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പ്രതി ആദ്യം കുത്തിയത്‌ അഭിജിത്തിനെ

ധീരജിനെ കൊലപ്പെടുത്തിയ കോൺഗ്രസ്‌ നേതാവ്‌ നിഖിൽ പൈലി ആദ്യം കുത്തിയത്‌ അഭിജിത്തിനെ. അഭിജിത്തിന്റെയും ഇടതുനെഞ്ച്‌ ഹൃദയഭാഗത്ത്‌ മൂന്ന്‌ സെന്റീമീറ്റർ ആഴത്തിൽ മുറിവേറ്റു. കൂടാതെ ഒരുകുത്ത്‌ നെഞ്ചിനുമുകൾ ഭാഗത്തും ഏറ്റിരുന്നു. അഭിജിത്തിനെ കുത്തുന്നതുകണ്ട്‌ തടയാൻ ശ്രമിച്ചപ്പോഴാണ്‌ ചേർത്തുപിടിച്ച്‌ ധീരജിന്റെയും നെഞ്ചിൽ കത്തി ആഴ്‌ത്തിയത്‌. ഹൃദയഭാഗത്തുനിന്ന്‌ ഒരിഞ്ച്‌ മാറിയതിനാൽ അഭിജിത്തിന്‌ ജീവാപായം സംഭവിച്ചില്ല. ഇവരുടെ സുഹൃത്ത്‌ എ എസ്‌ അമലിനെ നിഖിലിന്റെ കൂട്ടുപ്രതി താക്കോൽപോലുള്ള വസ്‌തുകൊണ്ട്‌ കുത്തി പരിക്കേൽപ്പിച്ചതായും കുറ്റപത്രത്തിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top