02 December Monday

ഡിജിറ്റൽ അറസ്റ്റ്: റിട്ട. പ്രൊഫസറിൽനിന്ന്‌ 4.11 കോടി തട്ടിയ 2 പേർ പിടിയിൽ

സ്വന്തം ലേഖകൻUpdated: Monday Dec 2, 2024

കെ പി മിഷാബ്‌, മുഹമ്മദ് മുഫസിൽ

കൊച്ചി > എറണാകുളം കാക്കാനാട്‌ സ്വദേശിനിയായ റിട്ട. പ്രൊഫസറിൽനിന്ന്‌ ‘ഡിജിറ്റൽ അറസ്‌റ്റ്‌' എന്നപേരിൽ 4.11 കോടി രൂപ തട്ടിയ രണ്ടുപേർ അറസ്‌റ്റിൽ. കോഴിക്കോട്‌ മാവൂർ ചോറുവടി കണ്ണപറമ്പിൽ വീട്ടിൽ കെ പി മിഷാബ്‌ (21), മലപ്പുറം അരീക്കോട്‌  കുനിയിൽ മൊക്കത്ത്‌ എൻഡ്രത്ത്‌ മുഹമ്മദ്  മുഫസിൽ (22) എന്നിവരെയാണ് സൈബർ പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽനിന്നും 1, 34,000 രൂപയും പിടികൂടി. കൊടുവള്ളി കേന്ദ്രീകരിച്ച് 2000 പേർ അടങ്ങിയ ഒരു സംഘം ഇത്തരം തട്ടിപ്പുകൾക്ക് നേതൃത്വം നൽകുന്നതായി ഇവർ ചോദ്യം ചെയ്യലിൽ പറഞ്ഞു.

കാക്കനാട് മൈത്രിപുരം സ്വദേശിനിയായ അമ്പത്തിയെട്ടുകാരി നൽകിയ പരാതിയിലാണ് പ്രതികൾ പിടിയിലാവുന്നത്. ഡൽഹി ഐസിഐസിഐ  ബാങ്കിൽ  പരാതിക്കാരിയുടെ പേരിലുള്ള  അക്കൗണ്ട്  ഉപയോഗിച്ച് സന്ദീപ് കുമാർ എന്നയാൾ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളും  മനുഷ്യക്കടത്തും ലഹരിക്കടത്തും നടത്തിയ കുറ്റത്തിന് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.പരാതിക്കാരിയുടെ മൂന്ന് അക്കൗണ്ടുകളിൽനിന്ന് 4,11,900,94 രൂപ  ഒക്ടോബർ 16 മുതൽ 21 വരെ ഏഴ്‌ തവണകളായി ഓൺലൈനിലൂടെ ട്രാൻസ്ഫർ ചെയ്തുനൽകി. ഇതിൽ 3.12 കോടി രൂപമാത്രമാണ്‌ തട്ടിപ്പുകാർക്ക്‌ പിൻവലിക്കാനായത്‌. ബാക്കി ഒരുകോടി രൂപ  ഉണ്ടായിരുന്ന അക്കൗണ്ടുകൾ പൊലീസ്‌ മരവിപ്പിച്ചു. കൊടുവള്ളി കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്‌ സംഘത്തിന്റെ പ്രവർത്തനം.  ഇവർ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു.

സൈബർ എസിപി എം കെ മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ഇൻസ്പെക്ടർ പി ആർ സന്തോഷ്, എഎസ്ഐ ശ്യാംകുമാർ, എസ്‌സിപിഒ-മാരായ ആർ അരുൺ, അജിത്‌രാജ്, നിഖിൽ ജോർജ് എന്നിവരും അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നു.

450 അക്കൗണ്ടുകൾവഴി 
650 പണമിടപാടുകൾ

രാജ്യത്തെ വിവിധയിടങ്ങളിലായി 450 അക്കൗണ്ടുകൾ വഴി 650 പണമിടപാടുകൾ തട്ടിപ്പ്‌ സംഘം നടത്തിയതായി കണ്ടെത്തി.  നഷ്ടമായ തുകയിൽ വലിയൊരു പങ്ക്‌ മലപ്പുറത്തുനിന്നാണ് പിൻവലിച്ചതെന്ന്‌ പൊലീസ്‌ കണ്ടെത്തി. യുവാക്കളെ കണ്ടെത്തി വാടക അക്കൗണ്ട്‌ തുടങ്ങിയാണ്‌ പണം പിൻവലിച്ചിരുന്നത്‌. അക്കൗണ്ടിൽ വരുന്നതിൽ ഒരുലക്ഷം പിൻവലിക്കുമ്പോൾ 5000 രൂപയായിരുന്നു കമീഷൻ. അക്കൗണ്ടുകളിൽ എത്തുന്ന പണം അതിവേഗം പിൻവലിച്ചിരുന്നു. പണം പിൻവലിച്ച സ്ഥലങ്ങളിലെ ഫോൺവിളി വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

തട്ടിപ്പ്‌ അറിയിക്കാം  1930ൽ

ഡിജിറ്റൽ അറസ്റ്റ് എന്ന പേരിലുള്ള കോളുകൾ തട്ടിപ്പാണെന്നും അപ്രകാരമുള്ള ഫോൺവിളികൾ വന്നാൽ ഉടനെ 1930 എന്ന നമ്പറിൽ വിളിച്ചോ cybercrime.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തോ പരാതി നൽകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top