22 November Friday

കേരളത്തില്‍ ഡിജിറ്റല്‍ വിജ്ഞാനവ്യവസായ നിക്ഷേപം വര്‍ധിപ്പിക്കും: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

കൊച്ചി > കേരളത്തിന്റെ ഡിജിറ്റല്‍ വിജ്ഞാന വ്യവസായ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. കൊച്ചിയിൽ പ്രഥമ റോബോട്ടിക്‌സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ സേവനമേഖലയില്‍ കേരളത്തിന്റെ സംഭാവന നിസ്തുലമാണ്. ഉദ്പാദനമേഖലയില്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്.  വ്യവസായം തുടങ്ങുന്നതിനും അതിനുള്ള വേദി ഒരുക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി നമ്മുടെ ബിസിനസ് റാങ്കിംഗ്  28 ല്‍ നിന്ന് 50-ലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പായി ലക്ഷ്യം നേടാന്‍ കഠിനാധ്വാനം ചെയ്തുവരുകയാണെന്നും മന്ത്രി പറഞ്ഞു.

സവിശേഷതയാര്‍ന്ന നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള സംവിധാനമാണു വേണ്ടത്.  അതിനാലാണ്  വിജ്ഞാന അധിഷ്ഠിത വ്യവസായങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരും നൂതനസാങ്കേതികവിദ്യാ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും വ്യക്തമായ കാഴ്ചപ്പാടോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ പ്രധാന സമ്മേളനമാണ് റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍.

ഐബിഎമ്മുമായി ചേര്‍ന്ന് ജൂലായ് മാസത്തില്‍ കൊച്ചിയില്‍ നടത്തിയ ജെനറേറ്റീവ് എഐ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഈ പ്രവര്‍ത്തന പരമ്പരയുടെ ആദ്യ പടിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്ത് 12,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന സംരംഭകരെ ഒന്നിച്ചു ചേര്‍ത്ത് നടത്തിയ ഏകദിന സമ്മേളനവും ശ്രദ്ധയാകര്‍ഷിച്ചു. ചെന്നൈയില്‍ നടത്തിയ റോഡ് ഷോ നിരവധി സംരംഭകരെയും നിക്ഷേപകരെയും ആകര്‍ഷിച്ചു. ഇനി മുംബൈ, ഡല്‍ഹി, ദുബായ്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും. 2025 ഫെബ്രുവരിയില്‍ നടത്താന്‍ പോകുന്ന ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്‌സ് മീറ്റ് ഈ സമ്മേളനപരമ്പരയിലെ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ ഒത്തു ചേരലാകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ ശേഷി കാട്ടുന്നതിനും വിജ്ഞാന അധിഷ്ഠിത വ്യവസായങ്ങളില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഇത് ഒരു അവസരമാണ്  കേരളം രാജ്യത്തെ ഒന്നാമത്തെ സ്മാര്‍ട്ട് ഫോണ്‍ സംസ്ഥാനമായി മാറിക്കഴിഞ്ഞു. 100-ല്‍ 86 പേര്‍ മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റിയില്‍ ആയിട്ടുണ്ട്.  കേരളത്തെ പൂര്‍ണമായും രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.  

ഇതിന്റെ ഭാഗമായാണ് രാജ്യത്തെ പ്രഥമ സ്റ്റാര്‍ട്ട് അപ്പ് അക്കാദമിയും ഡിജിറ്റല്‍ സര്‍വകലാശാലയും ഒരുക്കുന്നത്. എന്‍ജിനീയറിങ്ങ് കോളേജുകളില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ കൂടാതെ എഐയുടെയും റോബോട്ടിക്‌സിന്റെയും അവസരങ്ങള്‍ തുറന്നു. തിരഞ്ഞെടുക്കപ്പെട്ട എന്‍ജിനീയറിങ്ങ് കോളേജുകള്‍  പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അവരുടെ പുതിയ കണ്ടുപിടിത്തങ്ങളും പ്രോട്ടോടൈപ്പുകളും  കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിലുണ്ടെന്ന് മന്ത്രി അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top