തിരുവനന്തപുരം
ഡിജിറ്റൽ സർവകലാശാല ക്യാമ്പസിന്റെ തുടർച്ചയായി ഒരുങ്ങുന്നത് ഡിജിറ്റൽ സയൻസ് മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യപാർക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, മെഡിക്കൽ ഇലക്‌ട്രോണിക്‌സ്, മെഡിക്കൽ മെറ്റീരിയൽസ്, ബയോടെക്‌നോളജിയുമായും ഇലക്‌ട്രോണിക്‌സ് ഹാർഡ്‌വെയറുമായി ബന്ധപ്പെട്ട മേഖലകൾ തുടങ്ങി ഡിജിറ്റൽ സാങ്കേതികമേഖലകൾക്ക് ഊന്നൽ നൽകുന്ന ഇന്ത്യയിലെ ആദ്യ പാർക്കാകുമിത്. ഹാർവാർഡ് സർവകലാശാല ഉൾപ്പെടെ ലോകോത്തര വിദ്യാഭ്യാസകേന്ദ്രങ്ങളുടെ ഭാഗമായും ചെന്നൈ ഉൾപ്പെടെ ഏതാനും ഐഐടിക്കു കീഴിലും സയൻസ് പാർക്കുകളുണ്ട്.
കേരളത്തിൽ വളരെയധികം വിജ്ഞാന വ്യവസായങ്ങൾക്ക് തുടക്കമിടാനും പാർക്ക് സഹായിക്കും. വിദേശ സർവകലാശാലകൾക്കുൾപ്പെടെ തദ്ദേശ–- വിദേശ ഗവേഷകർക്കും ഇവിടെയെത്തി സാങ്കേതികവിദ്യയിൽ പൂർണത വരുത്താം. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് കമ്പനികൾ തുടങ്ങാനാകും. ചെറുകിട, ഇടത്തരം കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വിദഗ്‌ധർക്കും കൂട്ടായ പ്രവർത്തന സൗകര്യങ്ങളാണ് ഒരുക്കുക. പേറ്റന്റ് ലഭിച്ച കണ്ടെത്തലുകളെ (ബൗദ്ധിക സ്വത്തവകാശങ്ങൾ) പ്രായോഗികതലത്തിലെ സംരംഭങ്ങളിലേക്ക് എത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. സാങ്കേതികവിദ്യാ നവീകരണത്തിനുള്ള നിക്ഷേപത്തിന്റെ വലിയഭാഗം പാർക്കിലൂടെ നിറവേറ്റാനാകും. രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികളുമായുള്ള പ്രാഥമിക ചർച്ചകളിൽത്തന്നെ അനുകൂലമായ മികച്ച പ്രതികരണങ്ങളാണെന്ന് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
പ്രധാന കേന്ദ്രീകരണം
4 കാര്യത്തിൽ
ഡിജിറ്റൽമേഖലിലെ നാലു കാര്യത്തിലായിരിക്കും പ്രധാന കേന്ദ്രീകരണം. ഇലക്‌ട്രോണിക് ടെക്‌നോളജി, ഇൻഡസ്‌ട്രീസ് 4.ഒ–-യുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ, സൈബർ സുരക്ഷപോലെ മേഖലകൾ, ഡിജിറ്റൽ സംരംഭകത്വം തുടങ്ങിയ രംഗങ്ങളിൽ പുതുതായി വരുന്ന മാറ്റങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനുള്ള ഡിജിറ്റൽ എക്‌സ്‌പീരിയൻസ് തിയറ്റർ എന്നിവയായിരിക്കും പാർക്കിന്റെ ഊന്നൽ.
ഡിജിറ്റൽ സയൻസ്
പാർക്കിന് അംഗീകാരം
കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കും. ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ട്രാൻസലേഷണൽ റിസർച്ച് സെന്ററായി പാർക്ക് പ്രവർത്തിക്കും. 1515 കോടി രൂപയുടെ പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചു. 200 കോടി രൂപ സർക്കാർ അനുവദിക്കും. 975 കോടി രൂപ കിഫ്ബിവഴിയും കണ്ടെത്തും. ബാക്കി തുക വ്യവസായ പങ്കാളികളുൾപ്പെടെയുള്ള സ്രോതസ്സുകളിൽനിന്നാകും. പൊതു–-സ്വകാര്യ പങ്കാളിത്ത പദ്ധതിയിൽ കേന്ദ്രസർക്കാരും വ്യവസായമേഖലയും സഹകരിക്കും.
തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാല ക്യാമ്പസിനോട് ചേർന്ന്, ടെക്‌നോസിറ്റിയിലെ 14 ഏക്കറിലെ പാർക്ക് മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. ആദ്യഘട്ടം 200 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യമൊരുക്കലാണ്. സ്ഥാപനങ്ങൾക്ക് പുതിയ സാങ്കേതിക വിദ്യ വളർത്തിയെടുക്കാനും ഇതിന് വിവിധ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാനുമുള്ള കൺസൾട്ടൻസി സഹായവും പാർക്കിലുണ്ടാകും. ശാസ്‌ത്ര സാങ്കേതികമേഖലയിൽ നേട്ടങ്ങൾ ഉപയോഗപ്പെടുത്താൻ 1000 കോടി രൂപ മുടക്കിൽ നാലു സയൻസ് പാർക്ക് കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപിച്ചത്. ഇതിൽ ആദ്യത്തേതാണ് തൊഴിൽമേഖലയിലടക്കം പുതിയ സാധ്യതകൾ തുറക്കുന്ന ഡിജിറ്റൽ സയൻസ് പാർക്ക്. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾക്കു സമീപം ഇരട്ട ബ്ലോക്കുള്ള സയൻസ് പാർക്കുകളും വിഭാവനം ചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..