തിരുവനന്തപുരം > കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകങ്ങളുടെ ശേഖരമടങ്ങിയ വെബ്സൈറ്റ് തയ്യാറാക്കി കേരള ഡിജിറ്റൽ സർവകലാശാല. സർവകലാശാലയുടെ സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചർ (സിഡിടിസി) സാംസ്കാരിക വകുപ്പുമായി ചേർന്നാണ് വെബ്സൈറ്റ് തയ്യാറാക്കിയത്. വ്യത്യസ്തമായ രീതിയിൽ "സെർച്ച് ഓപ്ഷൻ' സാധ്യതയും വെബ്സൈറ്റിലൂടെ നൽകുന്നുണ്ട്. ഭൂപ്രകൃതി, സ്ഥലങ്ങൾ, നിറങ്ങൾ, തൊഴിൽ, ആചാരങ്ങൾ എന്നിങ്ങനെ വിവിധതരത്തിൽ കലാരൂപങ്ങളെ തെരഞ്ഞെടുക്കാം. കലാരൂപത്തിന്റെ തുടക്കം, ചരിത്രം, അതിജീവനം, നിലനിൽപ്പ്, അവതരണം, പ്രസ്തുത നാടുമായുള്ള ബന്ധം, കലാകാരന്മാരുടെ വിവരം, കലാരൂപത്തിന്റെ ചിത്രവും വീഡിയോയും എന്നിവ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ തയ്യാറാക്കിയിട്ടുണ്ട്.
നാടിന്റെ സമ്പന്നമായ കലാ -സാംസ്കാരിക ശേഷിപ്പുകളെ ഡിജിറ്റൽ വിഭവങ്ങളാക്കി പൊതുസമൂഹത്തിനും വരുംതലമുറയ്ക്കും അറിവുൽപ്പാദനത്തിനും പഠനത്തിനും ഉപകാരപ്പെടുംവിധത്തിൽ ലഭ്യമാക്കുകയെന്നതാണ് വൈബ്സൈറ്റിന്റെ ലക്ഷ്യം. ‘കലിഡോസ്കോപ്പ്’, ബയോംസ്, എക്സ്പ്ലോളറർ എന്നിങ്ങനെയാണ് വെബ്സൈറ്റിന്റെ ഉള്ളടക്കം ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രാദേശികമായി നിലനിൽക്കുന്നതും അന്യംനിന്ന് പൊയ്ക്കൊണ്ടിരിക്കുന്നതുമായ കലാരൂപങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്താൻ പൊതുജനങ്ങൾക്കും സാധിക്കും. പബ്ലിക് കോൺട്രിബ്യൂഷൻ പോർട്ടലിൽ നൽകുന്ന വിവരങ്ങൾ സാംസ്കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ രൂപീകരിക്കുന്ന വിദഗ്‌ധ സമിതി പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷമാകും പ്രസിദ്ധീകരിക്കുക. ഭാരത് ഭവന്റെ നേതൃത്വത്തിൽ ബുധനാഴ്ച സംഘടിപ്പിക്കുന്ന ‘കടൽ മിഴി' സാംസ്കാരിക സർഗയാത്രയുടെ ഉദ്ഘാടന വേദിയിൽ മന്ത്രി സജി ചെറിയാൻ വെബ്സൈറ്റ് ലോഞ്ച് ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..