22 December Sunday

ഡിജിറ്റൽ സർവകലാശാല വിസിയുടെ വിരമിക്കൽ; പകരം ചുമതല കൊടുക്കുന്നതിൽ മിണ്ടാട്ടമില്ലാതെ ചാൻസലർ

സ്വന്തം ലേഖികUpdated: Sunday Oct 27, 2024

തിരുവനന്തപുരം > ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് ഡോ. സജി ഗോപിനാഥ് ഞായറാഴ്ച വിരമിക്കും. ഇതോടെ അദ്ദേഹം വിസിയുടെ അധിക ചുമതല വഹിച്ചിരുന്ന സാങ്കേതിക സർവകലാശാലയ്‌ക്കും വിസി ഇല്ലാതെയാകും. രണ്ടു സർവകലാശാലകളിലേക്ക് താൽക്കാലിക വിസിയെ നിയമിക്കാൻ സർക്കാർ പാനൽ സമർപ്പിച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും ചാൻസലർ തീരുമാനം അറിയിച്ചിട്ടില്ല. 
         അതേസമയം ഞായർ വരെ കാലാവധിയുണ്ടായിരുന്ന ആരോ​ഗ്യ സർവകലാശാലയിൽ വിസി ഡോ. മോഹനൻ കുന്നുമ്മലിനായി വ്യാഴാഴ്ച തന്നെ പുനർ‌നിയമനത്തിന്റെ ഉത്തരവിറക്കിയിരുന്നു.

ഡിജിറ്റൽ സർവകലാശാല വിസി നിയമന പാനലിൽ ഡോ. എം എസ് രാജശ്രീ, സർവകലാശാല രജിസ്ട്രാർ ഡോ. എ മുജീബ് എന്നിവരുടെ പേരുകളാണ് നൽകിയത്. സാങ്കേതിക സർവകലാശാലയിലേക്ക് ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ആർ ഷാലിജ്, കോതമം​ഗലം എംഎ എൻജിനിയറിങ് കോളജിലെ പ്രൊഫസർ ഡോ. വിനോദ്‌കുമാർ ജേക്കബ് എന്നിവരടങ്ങിയ പാനലും രാജ്ഭവനിലേക്ക് നൽകിയിട്ടുണ്ട്. കാലിക്കറ്റ്, കുസാറ്റ് വിസി നിയമനങ്ങളിൽ സർക്കാർ നൽകിയ പാനൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പരി​ഗണിച്ചിരുന്നില്ല. 
          എന്നാൽ‌ പാനൽ നൽകുക എന്ന കടമ സർക്കാർ പാലിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു നേരത്തെ അറിയിച്ചിരുന്നു. ഡിജിറ്റൽ, കെടിയു എന്നിവിടങ്ങളിലെ സ്ഥിരം വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിയെയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. 
         കെടിയുവിലേക്ക് ​ഗവർണർ തയ്യാറാക്കിയ സെർച്ച് കമ്മിറ്റിയിൽ പിശക് വന്നിരുന്നതിനാൽ അത് പിൻവലിക്കുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top