തിരുവനന്തപുരം
സംസ്ഥാനത്തെ കോടതികളെയും അനുബന്ധ സംവിധാനങ്ങളെയും മികവുറ്റതാക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ പഠനവുമായി ഡിജിറ്റിൽ സർവകലാശാല. സർവകലാശാലയുടെ സെന്റർ ഫോർ ഇന്റലിജൻസ് ഗവൺമെന്റിലെ വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലാണ് "ജുഡീഷ്യൽ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ പഠനറിപ്പോർട്ട്' നടത്തിയത്. ഹൈക്കോടതി, ജില്ലാക്കോടതികൾ എന്നിവിടങ്ങളിൽ നിലവിലുള്ള സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ, പ്രശ്നങ്ങൾ, പരിഹാര നടപടികൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വിലയിരുത്തുന്നത്.
കോടതിയുടെയും കേസിന്റെയും പ്രത്യേകത അനുസരിച്ചുള്ള സാങ്കേതിക ശുപാർശ എന്തായിരിക്കണം എന്നതടക്കം ഉൾപ്പെടുത്തി സമ്പൂർണ ഡിജിറ്റലൈസേഷൻ രൂപരേഖയാണ് തയ്യാറാക്കുക. ഹൈക്കോടതി ഐടി ഡിവിഷൻ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ നടപ്പാക്കാനുള്ള നടപടികളും ആരംഭിച്ചു.
വിവിധ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന് സാങ്കേതികവിദ്യയെ എത്രത്തോളം ആശ്രയിക്കാം എന്നതിന് പ്രത്യേക പരിഗണന നൽകിയായിരുന്നു പഠനം. കേസുകൾ ഷെഡ്യൂൾ ചെയ്യുന്നത് മുതലുള്ള ഡാറ്റാധിഷ്ഠിത തീരുമാനങ്ങളെടുക്കാൻ നിർമിതബുദ്ധി, മെഷീൻ ലേണിങ് എന്നിവയും പ്രയോജനപ്പെടുത്തുന്നതും ശുപാർശ ചെയ്‌തിട്ടുണ്ട്. ഓട്ടോമേറ്റഡ് ഫീസ് കംപ്യൂട്ടേഷൻ, ഡിജിറ്റൽ പേയ്‌മെന്റുകൾ, അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനങ്ങൾ ലളിതമാക്കൽ എന്നിവയും സാധ്യമാകും. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഹൈക്കോടതി കംപ്യൂട്ടറൈസേഷൻ കമ്മിറ്റി ചെയർമാൻ ജസ്‌റ്റിസ് മുഹമ്മദ് മുസ്‌താഖിന് റിപ്പോർട്ട് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..