തിരുവനന്തപുരം > പ്രീസ്കൂള്‍ മേഖലയില്‍ ആയമാർക്ക് ശാസ്ത്രീയ പരിശീലനം നൽകുന്നതിനായി ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആൻഡ് പ്രീസ്കൂള്‍ മാനേജ്മെന്‍റ് എന്ന പുതിയ കോഴ്സിന് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആൻഡ് ലൈഫ് ലോങ് എജ്യുക്കേഷന്‍-കേരള (സ്കോള്‍-കേരള)യുടെ നേതൃതൃത്തിലാണ് കോഴ്സ് നടക്കുന്നത്. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കോഴ്സ് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ നാലാം നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് ഈ കോഴ്സ് ആരംഭിക്കുന്നത്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ്, വനിതാശിശുവികസന വകുപ്പ്, പട്ടികജാതി,പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള പ്രീസ്കൂളുകള്‍, അങ്കണവാടികള്‍, ക്രഷുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ശാസ്ത്രീയ പരിശീലനം ലഭിച്ച ശിശുപരിപാലകരുടെ സേവനം നിലവിലില്ല. പ്രസ്തുത സാഹചര്യത്തില്‍ ശിശുപരിപാലക തസ്തികയില്‍ സേവനം നല്‍കുന്നതിനുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിക്കാന്‍ കഴിയും വിധമാണ് ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്‍റ് പ്രീസ്കൂള്‍ മാനേജ്മെന്‍റ് എന്ന കോഴ്സ് സ്കോള്‍-കേരളയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. 18നും 45നും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി വിജയിച്ചവര്‍ക്കും നിലവില്‍ ആയമാരായി ജോലി ചെയ്യുന്നവര്‍ക്കും കോഴ്സില്‍ പ്രവേശനം ലഭ്യമാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..