22 December Sunday

സംവിധായകന്‍ മോഹന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

കൊച്ചി>  പ്രശസ്ത സംവിധായകനും  തിരക്കഥാകൃത്തുമായ  എം മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കുച്ചിപ്പുഡി നര്‍ത്തകി അനുപമയാണ് ഭാര്യ. മക്കള്‍: പുരന്ദര്‍, ഉപേന്ദര്‍.

23 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ന്‍ കോളജില്‍ ബികോം പഠിക്കാന്‍ ചേര്‍ന്നതാണ് സിനിമയിലേക്കുള്ള വഴിയായത്.

അച്ഛന്റെ ഒരു സുഹൃത്തു വഴിയാണ് പ്രശസ്ത സംവിധായകന്‍ എം.കൃഷ്ണന്‍ നായരെ പരിചയപ്പെട്ടത്. പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയ മോഹന്‍ സിനിമയുടെ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.70കളുടെ അവസാനവും 80കളുടെ തുടക്കവും മോഹന്റെ മികച്ച സിനിമകളുടെ കാലമായിരുന്നു.

1978 ല്‍ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നാലെ വന്ന 'രണ്ട് പെണ്‍കുട്ടികള്‍', 'ശാലിനി എന്റെ കൂട്ടുകാരി', 'വിടപറയും മുമ്പേ', 'ഇളക്കങ്ങള്‍' തുടങ്ങിയ ചിത്രങ്ങള്‍ സംവിധായകന്‍ എന്ന നിലയില്‍ മോഹനെ അടയാളപ്പെടുത്തി. വിടപറയും മുമ്പേയിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനായത്. ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഇടവേള ബാബുവിന്റെ അരങ്ങേറ്റം.

ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ 'ദ് ക്യാംപസ്' ആണ് അവസാനമിറങ്ങിയ ചിത്രം.

വിടപറയും മുമ്പേ
കെ ജി ജോർജിനെയും പത്മരാജനെയും ഭരതനെയുംപോലെ പ്രണയവും വിരഹവും നഷ്‌ടപ്പെടലുകളും ഒപ്പിയെടുക്കാൻ ശ്രമിച്ച സംവിധായകനായിരുന്നു മോഹൻ. വാണിജ്യ സിനിമകളുടെയും ആർട്ട്‌ സിനിമകളുടെയും ഇടയിലുള്ള മധ്യവർത്തിസിനിമകളുടെ സൃഷ്‌ടാവ്‌. മലയാളസിനിമയെ നവഭാവുകത്വത്തിലേക്ക്‌ വഴികാട്ടിയവരിൽ മോഹനുമുണ്ട്‌.

തിക്കുറിശ്ശി സുകുമാരൻനായർ, എ ബി രാജ്, മധു, പി വേണു, ഹരിഹരൻ എന്നിവരുടെയെല്ലാം സഹായിയായി പ്രവർത്തിച്ച മോഹൻ, 1978ൽ പുറത്തിറങ്ങിയ ‘വാടകവീട്’ എന്ന സിനിമയിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. പിന്നാലെ പുറത്തിറങ്ങിയ ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ, വിടപറയും മുമ്പേ, ഇളക്കങ്ങൾ തുടങ്ങിയവ സംവിധായകൻ എന്ന നിലയിൽ മോഹനെ മലയാളസിനിമയിൽ അടയാളപ്പെടുത്തി.

വിടപറയും മുമ്പേ (1981)യിലൂടെയാണ് നെടുമുടി വേണു ആദ്യമായി നായകനായത്. പ്രേംനസീർ, ലക്ഷ്‌മി, ഇന്നസെന്റ് എന്നിവരായിരുന്നു മറ്റു പ്രധാന താരങ്ങൾ. ജോൺപോൾ കഥയൊരുക്കിയ ചിത്രം നിർമിച്ചത്‌ ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയും ചേർന്നായിരുന്നു. അർബുദരോഗിയായ സേവ്യറിന്റെ കഥയാണ് ചിത്രം പറഞ്ഞത്. നെടുമുടിക്ക്‌ മികച്ച നടനുള്ള സംസ്ഥാന അവാർഡ്‌ ലഭിച്ചു. ഇടവേള (1982) ഇടവേള ബാബുവിന്റെ ആദ്യസിനിമയായിരുന്നു. സാക്ഷ്യം (1995) എന്ന ചിത്രത്തിലൂടെ മഞ്‌ജു വാര്യരെ അവതരിപ്പിച്ചതും മോഹനാണ്‌.

ആലോലം, രചന, മംഗളം നേരുന്നു, തീർഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, അങ്ങനെ ഒരവധിക്കാലത്ത്, മുഖം തുടങ്ങിയ സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്രുതി, ഇസബെല്ല, ആലോലം എന്നിവയ്‌ക്ക് തിരക്കഥയും എഴുതി. 2005ൽ പുറത്തിറങ്ങിയ ‘ദ ക്യാമ്പസാ’ണ് അവസാനചിത്രം.

കാവ്യാത്മക സിനിമകളുടെ 
സംവിധായകൻ: മുഖ്യമന്ത്രി
സംവിധായകൻ എം മോഹന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുടുംബകഥകൾ ഭാവാത്മകമായി അവതരിപ്പിക്കുന്നതിൽ അസാധാരണ മികവ് പ്രകടിപ്പിച്ച സംവിധായകനായിരുന്നു മോഹൻ. വൈകാരിക അംശങ്ങൾകൊണ്ട് കഥാഗതിയുടെ തീവ്രത വർധിപ്പിക്കുന്ന ആഖ്യാനശൈലിയുടെ വക്താവായിരുന്നു അദ്ദേഹം. രണ്ട് പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങൾ എന്നീ സിനിമകൾ ശ്രദ്ധേയമായി. മലയാള ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ് മോഹന്റെ നിര്യാണമെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.

ചലച്ചിത്ര മേഖലയ്ക്കാകെ നഷ്ടം: എം വി ഗോവിന്ദൻ
സംവിധായകൻ എം മോഹന്റെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചിച്ചു. കുടുംബ സദസുകളുടെ കൈയടി നേടിയ സംവിധായകനാണ് മോഹൻ. വിയോഗം ചലച്ചിത്ര മേഖലയ്ക്കാകെ നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സാംസ്‌കാരികമന്ത്രി അനുശോചിച്ചു
മലയാളത്തിലെ മധ്യവർത്തി സിനിമയുടെ ശക്തനായ പ്രയോക്താവായിരുന്നു മോഹനെന്ന്‌ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. എൺപതുകളിൽ ശുദ്ധകലാസിനിമയ്ക്കും കച്ചവട സിനിമയ്ക്കുമിടയിൽ ജനപ്രിയതയും കലാമൂല്യവുമുള്ള സിനിമകൾ സാധ്യമാണെന്ന് തെളിയിച്ച കെ ജി ജോർജ്, പത്മരാജൻ, ഭരതൻ എന്നിവർക്ക് സമശീർഷനായ ചലച്ചിത്രപ്രതിഭയായിരുന്നു മോഹനെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top