കൽപ്പറ്റ > മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാരിന് സംസ്ഥാനം വിശദമായ റിപ്പോർട്ട് നൽകിയതായി മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിതീവ്ര ദുരന്തമായ എൽ–-3 പട്ടികയിൽപ്പെടുത്തി കേരളത്തിന് സഹായം നൽകണമെന്നതാണ് ആവശ്യം. കഴിഞ്ഞ 18ന് റിപ്പോർട്ട് നൽകി. നേരത്തെ വിശദമായ നിവേദനം നൽകിയതാണ്. അതിൽ കൂട്ടിച്ചേർക്കലുകൾ മാത്രമാണ് ആവശ്യമുണ്ടായിരുന്നത്.
ഏത് പട്ടികയിൽ ദുരന്തം ഉൾപ്പെടുത്തുമെന്ന കേന്ദ്രത്തിന്റെ നിലപാടാണ് പ്രധാനം. എൽ 3 പട്ടികയിൽപ്പെടുത്തിയാൽ എല്ലാ വായ്‌പകൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനൊപ്പം പുതിയ കടങ്ങൾ എടുക്കാനുമാകും. ദുരിതബാധിതരായ കുടുംബങ്ങളുടെ ഉപജീവനത്തിന് ഒരുവീട്ടിലെ രണ്ടുപേർക്ക് ദിവസം 300 രൂപ വീതം സംസ്ഥാനം നൽകുന്നുണ്ട്. ഇത് ഒരുമാസത്തേക്ക് നൽകാനേ നിയമം അനുവദിക്കുന്നുള്ളൂ. മൂന്നുമാസത്തേക്ക് നൽകാൻ അനുവാദം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് മാത്രം നേരിടാവുന്ന ദുരന്തമല്ല ഉണ്ടായത്. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അനുഭാവപൂർവം പരിഗണിച്ച് ധനസഹായം നൽകുമെന്നാണ് പ്രതീക്ഷ. മുണ്ടക്കൈ ദുരന്തബാധിതരുടെ സ്ഥിരപുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിപക്ഷനേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവരുമായി ആലോചിച്ചായിരിക്കും തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..