തിരുവനന്തപുരം > സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായി തിരിച്ചറിയൽ കാർഡ് നിലവിൽ വരുന്നത്. കൃഷി വകുപ്പിന്റെ കതിർ ആപ് മുഖേന രജിസ്‌ട്രേഷൻ പൂർത്തിയാക്കി കാർഡ് സ്വന്തമാക്കാം.
ബാങ്കുകൾ, ധന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് കാർഡ് കൈവശമുള്ള കർഷകർക്ക് വിവിധ സാമ്പത്തിക സഹായം, കാർഷിക വായ്‌പ തുടങ്ങിയവ ലഭിക്കും. വിവിധ ഉൽപ്പന്നങ്ങൾ സബ്സിഡി നിരക്കിൽ സ്വന്തമാക്കാനും ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ നഷ്‌ടപരിഹാരം തുടങ്ങിയവയ്‌ക്കും കാർഡ് അവസരമൊരുക്കും.
ഭാവിയിൽ സർക്കാരിന്റെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള ആധികാരിക രേഖയായും കർഷക തിരിച്ചറിയൽ കാർഡ് മാറും. അഞ്ചു വർഷ കാലാവധിയോടെയാണ് കാർഡുകൾ നൽകുന്നത്. കർഷകർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ സംസ്ഥാനതല വിതരണോദ്‌ഘാടനം തിങ്കൾ പകൽ മൂന്നിന് മന്ത്രി പി പ്രസാദ് അങ്കമാലി സിഎസ്എ ഹാളിൽ നിർവഹിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..