കോഴിക്കോട്
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ കസേരകളി അവസാനിപ്പിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആശാദേവിയെ ഡിഎംഒ ആക്കാനുള്ള ആദ്യ ഉത്തരവ് പാലിക്കാനാണ് ഡിഎച്ച്‌എസി (ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ്) ന്റെ നിർദേശം. സ്ഥലംമാറ്റം കിട്ടിയ മുൻ ഡിഎംഒ എൻ രാജേന്ദ്രനും ആശാദേവിക്കും ചൊവ്വ വൈകിട്ടോടെ ഉത്തരവ് കൈമാറി. ഒരു മാസത്തേക്ക് തൽസ്ഥിതി തുടരും. അതിനുള്ളിൽ ഇരുവരുടെയും വിശദവാദം കേട്ടശേഷം പുതിയ ഉത്തരവ് ഇറക്കും. സ്ഥലംമാറ്റം സംബന്ധിച്ച തർക്കത്തിൽ ഇരുവരും ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒമാരായി മുഖാമുഖം ഇരിക്കുകയായിരുന്നു. ഇവരുടെ വാദംകേട്ട ട്രിബ്യൂണൽ ഒരുമാസത്തിനുള്ളിൽ പുതിയ ഉത്തരവ് ഇറക്കാനാണ് നിർദേശിച്ചത്. ട്രിബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആശാദേവിയെ ഡിഎംഒ ആക്കിയ ആദ്യ ഉത്തരവ് പാലിക്കാൻ ഡിഎച്ച്‌എസ് ഉത്തരവിട്ടു.
കഴിഞ്ഞ ഒമ്പതിനാണ് ഡിഎംഒ ആയിരുന്ന എൻ രാജേന്ദ്രനെ അഡീഷണൽ ഡയറക്ടറായി തിരുവനന്തപുരത്തേക്കും എറണാകുളം ഡിഎംഒ ആശാദേവിയെ കോഴിക്കോട്ടേക്കും സ്ഥലംമാറ്റിയത്. ഡോ. ആശാദേവി 10ന് ചുമതല ഏറ്റെടുത്തെങ്കിലും ഔദ്യോഗിക പരിപാടിക്കായി തിരുവനന്തപുരത്തേക്ക് പോയപ്പോൾ 13ന് ഡോ. എൻ രാജേന്ദ്രൻ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽനിന്ന് സ്‌റ്റേ ഉത്തരവുമായെത്തി സ്വയം ചുമതലയേറ്റു.
ആശാദേവി ട്രിബ്യൂണലിനെ സമീപിച്ച് സ്‌റ്റേ റദ്ദാക്കിയ ഉത്തരവുമായി ഉച്ചയോടെ സിവിൽ സ്‌റ്റേഷനിൽ എത്തി. എന്നാൽ ചുമതല കൈമാറാൻ ഡോ. രാജേന്ദ്രൻ തയ്യാറാകാത്തതോടെ ആശാദേവി തിങ്കളാഴ്‌ച എത്തി രജിസ്‌റ്ററിൽ ഒപ്പിട്ട് സ്വയം ചുമതലയേറ്റ് ഡിഎംഒയുടെ കാബിനിൽ ഡോ. എൻ രാജേന്ദ്രന് അഭിമുഖമായി ഇരിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..