22 November Friday

വിളകാക്കാൻ ‘ ഡോക്‌ടർ ’

ജിഷ്‌ണു മധുUpdated: Saturday Aug 3, 2024

കൊല്ലം > എത്ര വലിയ കൃഷിയിടങ്ങളിലെയും പ്രത്യേകം ഓരോ വിളയ്ക്കും ഇനി പൂർണ സംരക്ഷണമൊരുക്കാം. ബാധിച്ച രോഗം കണ്ടെത്താനും ശുശ്രൂഷിക്കാനും ഡോക്ടർ ഉണ്ടാകും. പറന്നുനടന്ന് പ്രശ്നങ്ങൾ കണ്ടെത്തുന്നത്തിനായി പരവൂർ കോട്ടപ്പുറം സൗപർണികയിൽ ഡോ. അജു സൈഗാൾ ഒരുക്കിയിരിക്കുന്നത് യന്ത്രഡോക്ടറെ ആണെന്നു മാത്രം. അജുവിന്റെ നവീനാശയത്തിൽ കണ്ടെത്തിയ സോഫ്റ്റ്‌വെയറിൽ ഹൈഡ്രോപോണിക്‌സ്‌ ടെക്നോളജിയുടെ സഹായത്തോടെ കൃഷി കൃത്യമായി നിരീക്ഷിക്കാനാകും.

അജൂസ്‌ ബിഗ്‌ഡേറ്റ അനാലിസിസ് എന്ന് പേര് നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തി കൃഷിയിടങ്ങളിൽ കാര്യക്ഷമമായി ജലവും വളവും ഉപയോഗിക്കാനും കളകളെ നശിപ്പിക്കാനും സാധിക്കും. സെൻസർ അടിസ്ഥാനത്തിലാണ് പ്രവർത്തനം. സെൻസർ ഉപയോഗിച്ച് താപനില, ജലയളവ് എന്നിവയും അറിയാനാകും. പുറമെ റിയൽ ടൈമിൽ പോഷകങ്ങൾ ട്രാക്ക് ചെയ്യാനും സാധിക്കും. ഓട്ടോമാറ്റിക് ഡ്രോൺ കാമറ വഴി വിളകളുടെ ഫോട്ടോയും വീഡിയോയും ഉൾപ്പടെയെടുത്താണ്‌ രോഗനിർണയം നടത്തി വിവരങ്ങൾ കർഷകർക്ക് കൈമാറുന്നത്‌. ഇമേജ് പ്രോസസിങ്‌, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റാ അനാലിസിസ് എന്നിവയുടെ പ്രവർത്തനത്തിലൂടെ സ്മാർട്ട്ഫോണിൽ അവരവരുടെ മാതൃഭാഷയിൽ വിവരങ്ങൾ ലഭ്യമാകും.  

മുമ്പ്‌ റേഷൻ പട്ടികയിലെ അനർഹരെ കണ്ടെത്തൽ സാധ്യമായത്‌ അജുവിന്റെ സാങ്കേതിയ മികവിലാണ്‌. അജു ചിട്ടപ്പെടുത്തിയ പ്രത്യേക അൽഗോരിതത്തിലൂടെ തയ്യാറാക്കിയ ലിസ്റ്റ് ജില്ലാതലത്തിലും താലൂക്ക്‌ തലത്തിലും റേഷനിങ് ഉദ്യോഗസ്ഥർക്കു കൈമാറിയതിലൂടെ അഞ്ചുലക്ഷത്തിലധികം കാർഡുകൾ  മുൻഗണനാ പട്ടികയിൽനിന്നു മാറിയത്‌ വാർത്താശ്രദ്ധ നേടിയിരുന്നു. ഗോത്ര ജനതയ്ക്കായുള്ള സേവനങ്ങൾ ഓൺലൈനിലാക്കൽ പ്രവർത്തനങ്ങൾക്ക് സഹായകമായതും ആശ്വാസകിരൺ പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികൾക്കു നൽകുന്ന തുക മരിച്ചവരുടെ അക്കൗണ്ടുകളിലേക്ക് പോകുന്നതു കണ്ടെത്തിയതും അജുവിന്റെ സഹായത്തോടെയാണ്‌. അമേരിക്കയിലെ ക്രൗൺ ഇന്റർനാഷണൽ സർവകലാശാലയിൽനിന്ന്‌ കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ്‌ നേടിയ അജു സൈഗാൾ നിലവിൽ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിൽ ടെക്നിക്കൽ അസിസ്റ്റന്റാണ്‌. കോയമ്പത്തൂരിൽ ഇൻകം ടാക്സ്‌ സൂപ്രണ്ടായ അനിൽകുമാറാണ്‌ ഭർത്താവ്‌. മകൾ: ആദ്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top