08 November Friday

ട്രംപിന്റെ രണ്ടാംവരവ് 
കേരളത്തിനും തിരിച്ചടി ; ഐടിക്കും കാർഷികോൽപ്പന്ന കയറ്റുമതിക്കും വെല്ലുവിളി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024


കൊച്ചി
അമേരിക്കയിൽ ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റാകുന്നത് കേരളത്തിന്റെ സാമ്പത്തിക, വ്യവസായ, തൊഴിൽ മേഖലകളിലും വലിയ ആഘാതം സൃഷ്ടിച്ചേക്കും. "ആദ്യം അമേരിക്ക’ എന്ന നയം വച്ചുപുലർത്തുന്ന ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിലപാടും തീവ്ര ദേശീയവാദവും ഇന്ത്യൻ ഐടി മേഖലയ്ക്കും അതിലൂടെ കേരളത്തിന്റെ ഐടി, സ്റ്റാർട്ടപ് മുന്നേറ്റത്തിനും വെല്ലുവിളിയാകും. അമേരിക്കക്കാർക്ക് തൊഴിലവസരം വർധിപ്പിക്കാൻ ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കുകയും വിദേശ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുകയും വേണമെന്നാണ് കഴിഞ്ഞ ഭരണകാലത്ത് ട്രംപ് വാദിച്ചത്. ഇത്തവണയും അത് ആവർത്തിച്ചു. നയം പ്രാബല്യത്തിലാക്കിയാൽ അമേരിക്കയിൽ ഐടി, സാങ്കേതികവിദ്യ, എൻജിനിയറിങ് മേഖലകളിൽ വിദേശ ജീവനക്കാരെ നിയമിക്കുന്നതിന് അനുവദിക്കുന്ന എച്ച്–-1 ബി വിസയിൽ കടുത്ത നിയന്ത്രണം കൊണ്ടുവന്നേക്കും.

ഇന്ത്യൻ ഐടി കമ്പനികളും കേരളത്തിൽനിന്നുള്ള ഐടി പ്രൊഫഷണലുകളും വളരെയധികം ഉപയോ​ഗപ്പെടുത്തുന്ന സൗകര്യമാണിത്. നിലവിൽ വർഷം 85,000 എച്ച്–-1 ബി വിസയാണ് അനുവദിക്കുന്നത്. ഇതിന്റെ 75 ശതമാനത്തോളമെടുക്കുന്നത് ഇന്ത്യക്കാരാണ്. കഴിഞ്ഞതവണ ട്രംപ്‌ അധികാരത്തിലിരുന്നപ്പോൾ എച്ച്–-1 ബി വിസയുടെ നിരസിക്കൽ തോത് നാലുശതമാനത്തിൽനിന്ന് 17 ശതമാനമായി വർധിപ്പിച്ചിരുന്നു. കേരളത്തിൽനിന്നുള്ള കാർഷികോൽപ്പന്നങ്ങൾ അടക്കമുള്ളവയുടെ കയറ്റുമതിക്കും ട്രംപിന്റെ നയം തിരിച്ചടിയായേക്കും. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതിത്തീരുവ ചുമുത്തുന്നു എന്ന് നിരന്തരം കുറ്റപ്പെടുത്തുന്നയാളാണ് ട്രംപ്‌. ഇതിന് തിരിച്ചടി നൽകാൻ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ ഉയർന്ന ഇറക്കുമതിത്തീരുവ ഏർപ്പെടുത്തണമെന്നും  പറഞ്ഞിരുന്നു. തീരുവ ഉയർത്തിയാൽ കയറ്റുമതി കുറയും. കാർഷികോൽപ്പന്നങ്ങൾ കൂടാതെ ഐടി ഉൽപ്പന്നം, മരുന്ന്, വസ്ത്രം, ആഭരണം, യന്ത്രങ്ങൾ തുടങ്ങിയവയും അമേരിക്ക ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. നടപ്പ്  സാമ്പത്തികവർഷത്തിന്റെ ഏപ്രിൽ മുതൽ ആ​ഗസ്തു-വരെയുള്ള ആദ്യ അഞ്ചുമാസം കേരളം നേടിയ 1761.75 കോടി -രൂപയുടെ കാർഷികോൽപ്പന്ന കയറ്റുമതിയിൽ 235.11 കോടി നേടിയത് അമേരിക്കയിൽനിന്നാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top