20 December Friday

മാതൃകയാകാം, മരണത്തിലൂടെയും; മൃതദേഹദാനം ലളിത നടപടികളിലൂടെ

അജിൻ ജി നാഥ്‌Updated: Monday Sep 30, 2024

സീതാറാം യെച്ചൂരിയുടെ മൃതദേഹം വസന്ത് കുഞ്ജിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍

കോട്ടയം> സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിർന്ന സിപിഐ എം നേതാക്കളായ ബുദ്ധദേബ്‌ ഭട്ടാചാര്യ, എം എം ലോറൻസ്‌ എന്നിവരുടെ മരണശേഷം മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനൽകിയത്‌ പൊതുസമൂഹത്തിൽ വലിയ ചർച്ചയായിരുന്നു. മുമ്പ്‌ സിപിഐ എം നേതാക്കളായിരുന്ന ജ്യോതി ബസു, ക്യാപ്‌റ്റൻ ലക്ഷ്‌മി, എം സി ജോസഫൈൻ എന്നിവരും ഇതേ വഴി സ്വീകരിച്ചിട്ടുണ്ട്‌. തങ്ങളുടെ ജീവിതത്തിലെ പോലെ തന്നെ മരണത്തിലും നിലപാടുകളും രാഷ്‌ട്രീയവും ഉയർത്തിപ്പിടിച്ച ഈ മാതൃക നിരവധി ആളുകൾക്കാണ്‌ പ്രചോദനമായത്‌. വളരെ ലളിതമായ നടപടികളിലൂടെ നമുക്ക്‌ മൃതദേഹം ദാനം ചെയ്യാനാകും.

നടപടിക്രമങ്ങൾ എന്തെല്ലാം

തന്റെ മരണശേഷം മൃതദേഹം വൈദ്യപഠനത്തിനായി ഉപയോഗിക്കാൻ അനുമതി നൽകികൊണ്ടുള്ള സമ്മതപത്രം വ്യക്തി നേരിട്ടെത്തി മെഡിക്കൽ കോളേജിന്‌ നൽകുകയാണ്‌ ആദ്യപടി. പൊതുവേ സർക്കാർ മെഡിക്കൽ കോളേജുകൾക്കാണ്‌ നൽകുക. 200 രൂപയുടെ മുദ്രപത്രത്തിൽ മൃതദേഹം നൽകാൻ ഉദേശിക്കുന്ന മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിന്റെ പേർക്കാണ്‌ ഇത്‌ നൽകേണ്ടത്‌. മിക്ക മെഡിക്കൽ കോളേജിലും ഇതിന്റെ മാതൃക തയ്യാറാക്കി വെച്ചിട്ടുണ്ട്. 200 രൂപ നൽകി അതിൽ നമ്മുടെ പേരുവിവരങ്ങൾ ചേർത്ത്‌ ഒപ്പിട്ട്‌ നൽകിയാൽ മതി. ഇതിനൊപ്പം ഒരു ഫോട്ടോയും ആധാർ കാർഡിന്റെ പകർപ്പും വേണം. രക്തബന്ധത്തിലുള്ള ആരെങ്കിലും രണ്ട്‌ സാക്ഷികളും ഒപ്പിടണം. ഈ സമ്മതപത്രം സ്വീകരിച്ച്‌ അനാട്ടമി വിഭാഗത്തിൽ സൂക്ഷിക്കുന്ന പ്രത്യേക രജിസ്‌റ്ററിൽ വിവരങ്ങൾ ചേർത്തശേഷം ഒരു പകർപ്പും രസീതും നമുക്ക്‌ നൽകും.

മരണത്തിനുശേഷം ആറുമണിക്കൂറിനുള്ളിൽ ബന്ധപ്പെട്ടവർ സ്വന്തം ചെലവിൽ മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിക്കണം. പൊതുദർശനത്തിനും മരണാനന്തരചടങ്ങുകൾക്കും മറ്റുമായി അതിലുമേറെ സമയം വേണ്ടി വന്നാൽ ഉയർന്ന തണുപ്പ്‌ ലഭിക്കുന്ന മൊബൈൽ മോർച്ചറിയിൽ സൂക്ഷിക്കണം. മൊബൈൽ മോർച്ചറിയുടെ മൂടി നീക്കം ചെയ്യാനും പാടില്ല. മൃതദേഹത്തിനൊപ്പം മരണസർട്ടിഫിക്കറ്റും നൽകണം. മുൻകൂർ സമ്മതപത്രം നൽകിയിട്ടില്ലെങ്കിലും മരണശേഷം അടുത്ത ബന്ധുക്കൾക്ക്‌ തീരുമാനിച്ച്‌ ഇതേ നടപടിക്രമങ്ങൾ പാലിച്ചു നൽകാനാകും. ഒരിക്കൽ ഏറ്റുവാങ്ങിയ മൃതദേഹം പിന്നീട്‌ തിരിച്ചു നൽകില്ല. അപൂർവം അവസരങ്ങളിൽ നിയമനടപടിയെ തുടർന്ന്‌ മൃതദേഹം തിരികെ നൽകിയ സംഭവങ്ങളുമുണ്ട്‌.

മൃതദേഹം സ്വീകരിക്കാത്ത സാഹചര്യങ്ങൾ

സമ്മതപത്രം നൽകിയിട്ടുണ്ടെങ്കിലും എല്ലാ സാഹചര്യത്തിലും മൃതദേഹങ്ങൾ സ്വീകരിക്കാനാകില്ല. മൃതദേഹങ്ങൾ സ്വകരിക്കുന്നത്‌ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും കേരള അനാട്ടമി ആക്‌ട്‌ 1957 പ്രകാരം നിഷ്‌കർഷിച്ചിട്ടുണ്ട്‌. അസ്വഭാവിക മരണം സംഭവിച്ചാൽ മൃതദേഹം സ്വീകരിക്കില്ല.  ശരീരത്തിൽ മുറിവുകളുണ്ടെങ്കിലോ, മറ്റു സംശയങ്ങൾ തോന്നിയാലോ പൊലീസിന്റെ സ്ഥിരീകരണത്തോടെ സ്വീകരിക്കും.

പകർച്ചവ്യാധി പോലുള്ള മാരകരോഗങ്ങൾ ബാധിച്ചു മരിച്ചാലും സ്വീകരിക്കില്ല. എന്നാൽ, ക്യാൻസർ പോലുള്ള രോഗങ്ങൾ ബാധിച്ചു മരിച്ചാൽ സ്വീകരിക്കാനാകും. അവയവദാനവും മൃതദേഹദാനവും ഒന്നിച്ചു ചെയ്യാനാകില്ല. പഠനാവശ്യത്തിനായി പൂർണമായ മൃതദേഹമാണ്‌ ആവശ്യം. എന്നാൽ കണ്ണിന്റെ കോർണിയ ദാനം ചെയ്‌ത കേസുകൾ ചില മെഡിക്കൽ കോളേജുകൾ സ്വീകരിക്കാറുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top