22 December Sunday

അന്ന സെബാസ്റ്റ്യന്റെ മരണം: നിര്‍മല സീതാരാമന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി ആര്‍ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

 

തിരുവനന്തപുരം >തൊഴിലിടത്തെ അമിത സമ്മര്‍ദ്ദം താങ്ങാനാകാതെ കുഴഞ്ഞുവീണു ജീവന്‍ വെടിഞ്ഞ ഐടി പ്രൊഫഷണല്‍ അന്ന സെബാസ്റ്റ്യന്റെ മരണത്തോടുള്ള കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണത്തെ അപലപിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ ഫേസ്‌ബുക് പോസ്റ്റ്.  
ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങള്‍ സ്ത്രീകള്‍ സ്വയം നേരിടണമെന്ന നിര്‍മ്മല സീതാരാമന്റെ പരാമര്‍ശം സ്ത്രീ സമൂഹം പുച്ഛത്തോടെ തള്ളിക്കളയുന്നത് ആവേശത്തോടെ കാണുന്നുവെന്ന് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം.
അന്നയുടെ വേദനാകരമായ ജീവന്‍ വെടിയലിന്റെ ഉത്തരവാദിത്തം അവളിലും അവളുടെ കുടുംബത്തിലും ചാര്‍ത്തി കൈ കഴുകുന്ന കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാന്‍ ഉതകിക്കാണും. സ്ത്രീജനത പക്ഷെ അതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നത് ആവേശത്തോടെ കാണുന്നു.
കുടുംബത്തിലും തൊഴിലിടങ്ങളിലും അടക്കമുള്ള ബഹുമുഖമായ ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടി വരുന്നവരാണ് സ്ത്രീകള്‍ പൊതുവില്‍. അവയിലെല്ലാം ഒരിളവും കൂടാതെ മികവ് കാത്തുസൂക്ഷിക്കാനും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും അവ സാധിക്കാതെ വരുമ്പോള്‍ ഇപ്പറഞ്ഞ ഇടങ്ങളില്‍ നിന്നെല്ലാം തുറുകണ്ണുകള്‍ നേരിടേണ്ടി വരുന്നതും ഓരോ സ്ത്രീയുടെയും അനുഭവമാണ്. അവ വരുത്തി വയ്ക്കുന്ന ഭാരവും സമ്മര്‍ദവും നേരിടുന്നതില്‍ ഒരു കൂട്ടും അവര്‍ക്ക് താങ്ങാവാന്‍ പര്യാപ്തമാകാറുമില്ല. ഈ പൊതു അവസ്ഥയ്ക്ക് കൂടുതല്‍ ക്രൂരദംഷ്ട്ര കൈവന്നിരിക്കുകയാണ് കോര്‍പ്പറേറ്റ് കാലത്ത്. അതിന്റെ രക്തസാക്ഷിയാണ് അന്ന സെബാസ്റ്റ്യന്‍.
കോര്‍പ്പറേറ്റ് തൊഴില്‍ സംസ്‌കാരത്തിന്റെ സഹജമായ കുഴപ്പങ്ങള്‍ സ്ത്രീകളെ എത്ര നീതിരഹിതമായാണ് ബാധിക്കുന്നതെന്നത് കാണാന്‍ കഴിയാത്തത് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ രാഷ്ട്രീയം എത്ര മാത്രം സ്ത്രീവിരുദ്ധമാണെന്നതിന് അടിവരയിടുന്നതാണ്. സ്ത്രീരാഷ്ട്രീയത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ പിണിയാളുകളായി ഉന്നത ഭരണനേതൃത്വത്തിലുള്ള സ്ത്രീ വരെ മാറുന്നത് ഏറ്റവും ലജ്ജാകരവും ഹീനവുമാണ്.
തൊഴില്‍ സമ്മര്‍ദങ്ങള്‍ സ്ത്രീകള്‍ സ്വയം നേരിടണമെന്ന നിര്‍മ്മലയുടെ വാക്കുകള്‍ ആരോഗ്യകരമായ തൊഴിലന്തരീക്ഷം അവര്‍ക്ക് സൃഷ്ടിച്ചു കൊടുക്കുന്നതില്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് അവരെ നൈസായി ഒഴിവാക്കിക്കൊണ്ടുള്ള കുത്സിതത്വമാണ്.
ചൂഷണലക്ഷ്യം ഒളിച്ചു വെയ്ക്കാതെയുള്ള തൊഴില്‍ദാതാക്കളുടെ ലാഭക്കൊതിക്ക് ഇരയാക്കാന്‍ തൊഴിലിടങ്ങളെ പരിപൂര്‍ണ്ണമായി സ്ത്രീവിരുദ്ധമാക്കി മാറ്റുകയെന്ന വലതുപക്ഷ രാഷ്ട്രീയ ഉദ്ദേശ്യമാണ് അവരുടെ വാക്കുകളില്‍ തെളിയുന്നത്.
നിര്‍മ്മല സീതാരാമനെപ്പോലെ അഭ്യസ്തവിദ്യയെന്ന് കരുതപ്പെടുന്ന ഒരാളില്‍ നിന്ന് മാപ്പോ പശ്ചാത്താപമോ അന്നയുടെ മരണത്തെച്ചൊല്ലി നടത്തിയ പരാമര്‍ശത്തില്‍ പ്രതീക്ഷിക്കുക വയ്യ. എന്നാലത് ഈ നാട്ടിലെ വകതിരിവുള്ള സ്ത്രീകളും സ്ത്രീപ്രസ്ഥാനങ്ങളും മാപ്പാക്കിത്തരുമെന്ന് പ്രതീക്ഷിക്കണ്ട.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അധിക സമ്മര്‍ദം, പ്രത്യേകിച്ചും ഐ ടി മേഖലയിലുള്ളത്, നിസാരവത്കരിച്ചു കൊണ്ട് ഇനി മുന്നോട്ടു പോകാനാകില്ല. നിങ്ങളുടെ ദുര്‍നയങ്ങളാണ് അടുക്കള വിട്ട് അരങ്ങിലെത്തുന്ന സ്ത്രീജനതയെ അതിലും വലിയ തടങ്കല്‍ പാളയത്തില്‍ കുരുക്കാന്‍ ഇടവരുത്തുന്നതെന്ന് സുവ്യക്തമായി വരികയാണ്. തൊഴിലെടുക്കുന്ന ആത്മാഭിമാനമുള്ള ഓരോ സ്ത്രീയും അവരുടെ പ്രസ്ഥാനങ്ങളും നിങ്ങളെയും നിങ്ങളുടെ രാഷ്ട്രീയത്തെയും വിചാരണ ചെയ്യുകതന്നെ ചെയ്യും. അതിന്റെ തുടക്കമാണ് അന്നയ്ക്ക് നീതി കിട്ടാത്തതിനെതിരെയും നിര്‍മ്മലയുടെ ഒളിയജണ്ടയ്‌ക്കെതിരെയും പൊതുസമൂഹത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന പ്രതിഷേധ സ്വരങ്ങള്‍.
അവയോട് നിരുപാധികം ഐക്യദാര്‍ഢ്യപ്പെടുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top