കളമശേരി> ശ്രീരാമന് മഹത്തായ സ്മാരകമായി വാല്‌മീകി രാമായണം ഉള്ളപ്പോൾ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കുന്നതിന‌് രാഷ്ട്രീയലക്ഷ്യങ്ങളാണുള്ളതെന്ന് ഡോ. എം ലീലാവതി പറഞ്ഞു. ശ്രീരാമനെ അറിയാനും ആദരിക്കാനുമായി വാല്‌മീകി മഹർഷിയുടെ രാമായണം വായിച്ചുപഠിക്കുകയാണ് വേണ്ടതെന്നും ഡോ. ലീലാവതി പറഞ്ഞു. വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതിലുള്ള സന്തോഷവും തന്റെ നിലപാടുകളും ദേശാഭിമാനിയുമായി പങ്കുവയ‌്ക്കുകയായിരുന്നു.
ദുർഭരണമില്ലാത്ത രാജ്യമെന്ന നിലയ‌്ക്കാണ് ഗാന്ധിജി ഇന്ത്യയെ രാമരാജ്യമായി സ്വപ്നം കണ്ടത്. മഹാനായ മനുഷ്യനാരെന്ന ചോദ്യത്തിനുത്തരമായാണ് വാല്‌മീകി രാമായണം രചിച്ചത്. ഈ രാമായണത്തേക്കാൾ വലിയ രാമക്ഷേത്രമില്ല. നിസ്വരായ മനുഷ്യർ സർവവ്യാപിയായ ഈശ്വരനെ ക്ഷേത്രത്തിനകത്ത് സ്ഥാപിക്കാൻ ശ്രമിക്കുന്നത് വൈരുധ്യമാണ്. രാഷ്ട്രീയലക്ഷ്യത്തോടെ ഇവർ പ്രകടിപ്പിക്കുന്നത് ഉള്ളിൽത്തട്ടിയ ഭക്തിയല്ല. ദൈവത്തിന്റെ പേരിൽ കേരളത്തിലും പ്രശ്നം സൃഷ്ടിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത‌്.
രാമന്റെ കൂറ്റൻ പ്രതിമ പണിയുന്നെന്ന് കേൾക്കുന്നു. കോടിക്കണക്കിന് കുട്ടികൾ രാജ്യത്ത് പട്ടിണിക്കാരായുണ്ട്. അവരുടെ പട്ടിണി മാറ്റേണ്ട പണം രാമന്റെയും പട്ടേലിന്റെയുമൊക്കെ പ്രതിമ നിർമിക്കാൻ ചെലവഴിക്കുന്നതിനോട് യോജിക്കാനാകില്ല. ഈ പ്രവണതയെ എക്കാലത്തും എതിർക്കുന്നയാളാണ് ഞാൻ.
വർണരാജി എന്ന കൃതിക്കായിരുന്നു ആദ്യ കേന്ദ്രസാഹിത്യ അവാർഡ് ലഭിച്ചത‌്. ഇപ്പോഴത്തെ അവാർഡ് കഠിനപ്രയത്നത്തിനു കിട്ടിയ അംഗീകാരമായാണ് കണക്കാക്കുന്നത‌്.
രണ്ടുലക്ഷം ശ്ലോകങ്ങളാണ് വാല്‌മീകി രാമായണത്തിലുള്ളത്. രണ്ടുവർഷമെടുത്ത് പരസഹായമില്ലാതെയാണ് വിവർത്തനം പൂർത്തിയാക്കിയത്. ദിവസം മുപ്പത്തഞ്ചോളം ശ്ലോകങ്ങൾ വീതം വിവർത്തനം ചെയ‌്ത‌് 2009ൽ പൂർത്തിയാക്കി. നാലുവർഷം കഴിഞ്ഞാണ് പുസ്തകമാക്കാനായത്. മൂന്നു വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്. അവാർഡ് ലഭിച്ചതോടെ പുസ്തകത്തെപ്പറ്റി കൂടുതൽപേർ അറിയുകയും വായിക്കുകയും ചെയ്യും. അതും അവാർഡുകൊണ്ടുള്ള നേട്ടമാണ‌് –-ഡോ. ലീലാവതി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..