17 September Tuesday

ഹൃദയത്തിലെന്നും ; ഡോ. എം എസ് വല്യത്താന്‌ വിട

സ്വന്തം ലേഖകൻUpdated: Thursday Jul 18, 2024


മംഗളൂരു
നിലയ്‌ക്കാറായ ഹൃദയങ്ങൾക്ക്‌ മിടിപ്പേകിയ ഡോ. മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ എന്ന എം എസ് വല്യത്താന്‌ (90) വിട. കർണാടകയിലെ മണിപ്പാൽ ആശുപത്രിയിൽ ബുധൻ രാത്രി 9.3-0ഓടെയാണ്‌ ആ ഹൃദയം  അവസാനമായി സ്‌പന്ദിച്ചത്‌. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പൊതുദർശനമോ ഔദ്യോഗിക ബഹുമതികളോ ഇല്ലാതെ ഉഡുപ്പി ബീഡിനഗുഡെ ശ്‌മശാനത്തിൽ ‍വ്യാഴം രാവിലെ  സംസ്‌കരിച്ചു.

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ ആൻഡ്‌ ടെക്‌നോളജിയുടെ സ്ഥാപക ഡയറക്ടറും മണിപ്പാൽ സർവകലാശാലയുടെ ആദ്യ വൈസ്‌ ചാൻസലറുമായിരുന്നു. പിന്നീട്‌ മെന്റർ സ്ഥാനം വഹിച്ചു. കുറഞ്ഞ ചെലവിൽ  ഹൃദയവാൽവ് നിർമിക്കുന്നതിലുൾപ്പടെ നിരവധി ഗവേഷണങ്ങൾക്ക് ചുക്കാൻ പിടിച്ചു. 1990ൽ പത്മഭൂഷണും  2005ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്‌.

1934ൽ മാവേലിക്കര കാവൽകൊട്ടാരത്തിൽ മാർത്താണ്ഡവർമയുടെയും ജാനകി വർമയുടെയും മകനായി ജനിച്ചു. മാവേലിക്കരയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും മെഡിക്കൽ കോളേജിലെ ആദ്യ എംബിബിഎസ്‌ ബാച്ചിലും ഉപരിപഠനം. അമേരിക്കയിലെ ലിവർപൂൾ സർവകലാശാലയിലടക്കം വിദേശത്തുനിന്ന്‌ ഉപരിപഠനം പൂർത്തിയാക്കി. 1972ൽ ഇന്ത്യയിൽ തിരികെയെത്തി. 

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ കൈരളി പുരസ്‌കാരം (2020), കേരള ശാസ്ത്രപുരസ്‌കാരം (2014), ആര്യഭട്ട മെഡൽ, ജെ സി ബോസ് മെഡൽ, ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ ബഹുമതി, ഡോ. സാമുവൽ പി ആസ്‌പർ പുരസ്‌കാരം തുടങ്ങി  നിരവധി ബഹുമതികളും നേടി. അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ചുള്ള ചികിത്സാരീതി പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ച്  നിരന്തരം സംസാരിച്ച അദ്ദേഹം ദി ലെഗസി ഓഫ്‌ ചരക, ദി ലെഗസി ഓഫ്‌ സുശ്രുത, ദി ലെഗസി ഓഫ്‌ വാഗ്‌ഭട എന്നീ പുസ്‌തകങ്ങളും രചിച്ചു.

മണിപ്പാൽ സർവകലാശാല ഓർത്തോഡോന്റിക്‌സ് മുൻ പ്രൊഫസർ പഞ്ചാബ് സ്വദേശിനി ഡോ.അഷിമയാണ് ഭാര്യ. മക്കൾ: ഡോ. മനീഷ് (അമേരിക്കയിലെ ക്ലീവ് ലാൻഡ് കെയ്സ് വെസ്റ്റേൺ റിസർച്ച് യൂണിവേഴ്സിറ്റി ദന്തൽ സ്‌കൂൾ അസോസിയറ്റ് പ്രൊഫസർ), ഡോ. മന്നാ വല്യത്താൻ (മണിപ്പാൽ സർവകലാശാല പതോളജി പ്രൊഫസർ). മരുമക്കൾ: മാധവി, ഡോ.സുരേഷ് പിള്ള (മണിപ്പാൽ സർവകലാശാല ഇഎൻടി പ്രൊഫസർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top