പാലക്കാട്
എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിനും ഭാര്യ ഡോ. സൗമ്യ സരിനും പാലക്കാട് മണ്ഡലത്തിലേക്ക് വോട്ട് മാറ്റിയത് അനധികൃതമായിട്ടാണെന്ന വി ഡി സതീശന്റെയും യുഡിഎഫിന്റെയും പ്രചാരണം പൊളിഞ്ഞു. 2018 ൽ വാങ്ങിയ വീടിന്റെ വിലാസത്തിലാണ് വോട്ട് മാറ്റിയതെന്നും ഇരട്ടവോട്ടില്ലെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. തങ്ങൾ വ്യാജവോട്ടർമാരാണെന്ന പ്രചാരണവും വ്യക്തിഹത്യയും അവസാനിപ്പിച്ചില്ലെങ്കിൽ പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
പാലക്കാട് മുനിസിപ്പാലിറ്റിയിലെ മണപ്പുള്ളിക്കാവ് വാർഡ് ചിന്താനഗറിലെ 27/474–-ാം നമ്പർ വീട് 2018 ൽ സൗമ്യയുടെ പേരിൽ വാങ്ങിയതാണ്. താഴത്തെനില വാടകയ്‌ക്ക് നൽകിയിട്ടുണ്ട്. മുകളിലത്തെ നിലയിൽ തങ്ങൾ താമസിക്കുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ സൗകര്യത്തിനുവേണ്ടി മറ്റൊരു വീട്ടിലേക്ക് വാടകയ്‌ക്ക് മാറി. ആ വീടിനെക്കുറിച്ചാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും ഇരുവരും പറഞ്ഞു.
പാലക്കാട് മുനിസിപ്പാലിറ്റിയെ സ്വാധീനിച്ചാണ് താൻ വോട്ട് മാറ്റിയതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം അദ്ദേഹം തെളിയിക്കണം. കോൺഗ്രസുകാർ ചേർത്തവരുടെയെല്ലാം വീടിന്റെ രേഖകൾ കാണിക്കാൻ ധൈര്യമുണ്ടോയെന്നും ഡോ. പി സരിൻ ചോദിച്ചു. ചിന്താനഗറിലെ സ്വന്തം വീട്ടുമുറ്റത്താണ് ഇരുവരും വാർത്താസമ്മേളനം വിളിച്ചത്. വീട് വാങ്ങിയതിന്റെയും വാടകയ്‌ക്ക് നൽകിയതിന്റെയും രേഖകളും ഹാജരാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..