23 December Monday

ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം ഡോ. എസ് ഡി ബിജുവിന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

തിരുവനന്തപുരം> ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം ഡൽഹി സർവകലാശാലയിലെ പാരിസ്ഥിതിക പഠന വിഭാഗം സീനിയർ പ്രൊഫസറും,  അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ മ്യൂസിയം ഒഫ് കംപാരറ്റീവ് സുവോളജി അസ്സോഷിയേറ്റ് പ്രൊഫസറുമായ  ഡോ. എസ് ഡി ബിജുവിന്.  25000 രൂപയും പ്രശസ്തിപത്രം ഫലകവും അടങ്ങിയതാണ് പുരസ്കാരം. നവംബർ 13ന് രാവിലെ 10 മണിക്ക് കേരള സർവ്വകലാശാല കാര്യവട്ടം ബോട്ടണി ഡിപ്പാർട്ടുമെന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം  വിതരണം ചെയ്യും.

ജൂറി ചെയർമാൻ ഡോ. എഫ് ജോർജ്​ ഡിക്രൂസ്​, എഴുത്തുകാരി ഒ വി ഉഷ, ഡോ. മധുസൂദനൻ വയലാ, ഡോ. സുഹ്​റ ബീവി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിന് ഡോ. എസ് ഡി ബിജുവിനെ തെരഞ്ഞെടുത്തത്. ജൈവ വൈവിധ്യ മേഖലയിലെ, പ്രത്യേകിച്ചും ഉഭയജീവി വൈവിധ്യ സംബന്ധമായ, ഗവേഷണങ്ങൾ വിവിധ ശാസ്ത്ര ശാഖകളെ  ഏകോപിപ്പിച്ചു കൊണ്ട് ജൈവ വൈവിധ്യ സംരക്ഷണത്തിൽ ഇന്ത്യയിലാകമാനവും ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ നേരിട്ട് ചെലുത്തിയിട്ടുള്ള സ്വാധീനം കണക്കിലെടുത്താണ് അദ്ദേഹത്തെ അവാർഡിനായി തെരഞ്ഞെടുത്തത്.

ജൈവ വൈവിധ്യഗവേഷണ പഠനങ്ങളിലൂടെ രണ്ടു ഉഭയജീവി കുടുംബങ്ങൾ, 10 ജനുസ്സുകൾ, 104 സ്പീഷീസുകൾ ഉൾപ്പെടെ 116 പുതിയ ഉഭയജീവി ടാക്സകളെയാണ് അദ്ദേഹം ശാസ്ത്രലോകത്തിന് സംഭാവന ചെയ്തത്. ഉഭയ ജീവി വൈവിധ്യത്തിൻ്റെ പ്രാധാന്യവും അവയുടെ ആവാസ വ്യവസ്ഥകളെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും ജനങ്ങളിൽ ഊട്ടിയുറപ്പിക്കുന്നതിന് ഏറെ സഹായകരമായ വിവരങ്ങളാണ് ഈ പഠനങ്ങളിലൂടെ അദ്ദേഹം ശാസ്ത്രലോകത്ത് പ്രസരിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top