തിരുവനന്തപുരം > പനയുൽപ്പന്നങ്ങളുടെ വ്യാപാരത്തിന് ഭിന്നശേഷിക്കാർക്ക് ബങ്കുകൾ ഒരുക്കിനൽകുന്ന പദ്ധതിയ്ക്ക് തുടക്കമാകുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള സംസ്ഥാന പനയുൽപ്പന്ന വികസന കോർപ്പറേഷനും (കെൽപാം) സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തമ്മിൽ ഇതിനായുള്ള ധാരണാപത്രം ഒപ്പിട്ടതായി മന്ത്രി അറിയിച്ചു.
ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ മൊയ്തീൻകുട്ടിയും കെൽപാം മാനേജിംഗ് ഡയറക്ടർ സതീഷ് കുമാറും മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പദ്ധതിയുടെ ധാരണാപത്രം പരസ്‌പരം കൈമാറി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി. വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെൽപാമിന് പനയുൽപ്പന്നങ്ങളുടെ വിപണനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുവദിച്ച സ്ഥലങ്ങളിലാണ് ബങ്കുകൾ സ്ഥാപിക്കുകയെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. ഭിന്നശേഷിക്കാരുടെ സാമ്പത്തിക പുനരധിവാസം ലക്ഷ്യമിട്ടാണ് ഈ പദ്ധതി ഒരുക്കുന്നത്. തിരഞ്ഞെടുത്ത ഭിന്നശേഷിക്കാർക്ക് ഇതിനായി ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ വായ്‌പ അനുവദിക്കും.
തിരുവനന്തപുരം നഗരസഭാ പരിധിയിലെ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഭിന്നശേഷിക്കാരായ അപേക്ഷകർക്കാണ് ഒരു ലക്ഷം രൂപ വീതം വായ്‌പ അനുവദിച്ച് പദ്ധതിയ്ക്ക് തുടക്കം കുറിക്കുക. വായ്‌പാതുക ഉപയോഗിച്ച് ഗുണഭോക്താവ് ബങ്ക് നിർമിച്ച് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ കെൽപാമിന് കൈമാറും. കെൽപാം വേണ്ട സജ്ജീകരണമൊരുക്കി ഇത് തിരികെ ഗുണഭോക്താവിന് നിശ്ചിത വാടകനിരക്കിൽ അനുവദിക്കും. വായ്‌പാതുക പലിശയടക്കം തിരിച്ചടയ്‌ക്കേണ്ട ഉത്തരവാദിത്തം കെൽപാം വഹിക്കും.
അഞ്ചുവർഷ കാലാവധിക്കുള്ളിൽ വായ്‌പാ തിരിച്ചടവ് പൂർത്തിയാക്കുന്ന മുറയ്ക്ക് ഗുണഭോക്താവിന് അർഹമായ സബ്‌സിഡി ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ അനുവദിക്കും. വായ്‌പാ കാലാവധി കഴിഞ്ഞും തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താവിന് ബങ്ക് നടത്തിക്കൊണ്ടുപോകാനാവും - മന്ത്രി അറിയിച്ചു. കേരളത്തിലെമ്പാടും ഇത്തരം ബങ്കുകൾ ആരംഭിക്കാനും സാധ്യമായത്ര ഭിന്നശേഷിക്കാർക്ക് ഉപജീവനമാർഗ്ഗം ഒരുക്കി നൽകാനുമാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
ധാരണാപത്രം കൈമാറൽ ചടങ്ങിൽ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ ജയാ ഡാളി, മുൻ എംഡിയും സാമൂഹ്യനീതി വകുപ്പ് ജോ. സെക്രട്ടറിയുമായ സൺദേവ്, ഫിനാൻസ് ഓഫീസർ ഷീജ, കെൽപാം ഫിനാൻസ് ഓഫീസർ ശ്രീലേഖ എന്നിവരും സന്നിഹിതരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..