22 December Sunday

അൻവറിന്റെ ഉദ്ദേശം പാർടിയെ നന്നാക്കാനല്ല; പ്രേരണ വ്യക്തമായി: ഡോ തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

തിരുവനന്തപുരം>  പാർടിയും മുന്നണിയും നന്നാകണമെന്ന ഉദ്ദേശമുള്ളവരുടെയല്ല, അവയെ തകർക്കണമെന്ന ഉദ്ദേശമുള്ളവരുടെ കരുവായിട്ടാണ് പി വി അൻവർ എംഎൽഎ പ്രവർത്തിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം ഡോ. ടി എം തോമസ് ഐസക്.

ഇടതുപക്ഷ മുന്നണിയിൽ നിന്നും പി വി അൻവർ തന്നെ സ്വയം പ്രഖ്യാപിച്ചു പുറത്തേക്കു പോയിരിക്കുകയാണ്. ഏതെങ്കിലും നിഗൂഡശക്തികളുടെ പ്രേരണ അദ്ദേഹത്തിന്റെ പ്രസ്താവനകൾക്കു പിന്നിലുണ്ടോയെന്ന സംശയം ഇന്നലെത്തെ വാർത്താസമ്മേളനത്തോടെ വ്യക്തമായി. ശത്രുക്കളുമായി കൂടിച്ചേർന്ന് സിപിഐ എമ്മിനെ തകർത്തുകളയാമെന്നത് വ്യാമോഹമാണ്. അൻവറിന്റെ കണക്കു കൂട്ടലുകൾ എന്തു തന്നെയായാലും അത് തെറ്റുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

ഇടതുപക്ഷ മുന്നണിയിൽ നിന്നും പി വി അൻവർ തന്നെ സ്വയം പ്രഖ്യാപിച്ചു പുറത്തേക്കു പോയിരിക്കുകയാണ്. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ ചിലതൊക്കെ പരിശോധിക്കേണ്ടതാണെന്ന് പാർടിക്കും സംസ്ഥാന സർക്കാരിനും ബോധ്യപ്പെട്ടിരുന്നു. അത് പാർടി സെക്രട്ടറി തന്നെ വ്യക്തമാക്കുകയും ചെയ്തു. സർക്കാർ ചില നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഒരു സംശയം ബാക്കിയുണ്ടായിരുന്നു. ഏതെങ്കിലും നിഗൂഡശക്തികളുടെ പ്രേരണ അദ്ദേഹത്തിന്റെ പ്രസ്താവനകൾക്കു പിന്നിലുണ്ടോ? ഇന്നലത്തെ അൻവറിന്റെ പത്രസമ്മേളനത്തോടെ അതിന് ഉത്തരമായിട്ടുണ്ട്. പാർടിയും മുന്നണിയും നന്നാകണമെന്ന ഉദ്ദേശമുള്ളവരുടെയല്ല, അവയെ തകർക്കണമെന്ന ഉദ്ദേശമുള്ളവരുടെ കരുവായിട്ടാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.

കേന്ദ്രം ഭരിക്കുന്ന ബിജെപി ഭരണഘടനാസ്ഥാപനങ്ങളെയും ഗവർണറെയും അഖിലേന്ത്യാ സർവീസുകളെയുമെല്ലാം തങ്ങളുടെ രാഷ്ട്രീയ-വർഗീയ താല്പര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നതിൽ ജാഗ്രത പുലർത്തുകയെന്നത് സിപിഐ എമ്മിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. അതിനർത്ഥം ആരെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിൽ ഉടൻതന്നെ അച്ചടക്കനടപടിയോ രാഷ്ട്രീയ എതിർനിലപാടോ സ്വീകരിക്കുകയെന്നല്ല.

ആരോപണ വിധേയനായ മുൻ മലപ്പുറം എസ്പി സസ്പെൻഷനിലാണ്. എഡിജിപിയെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ ഡിജിപി അന്വേഷണം നടത്തുന്നുണ്ട്. പൂരം അലങ്കോലമാക്കി എന്നത് സംബന്ധിച്ച് ലഭിച്ച റിപ്പോർട്ടിൽ കൂടുതൽ വിശദമായ അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനമെന്നാണ് മനസ്സിലാക്കുന്നത്. പക്ഷേ, അൻവറിന്റെ ഇന്നലത്തെ പ്രസ്താവനയിൽ - "തെരഞ്ഞെടുപ്പ് രാഷ്ട്രീയം അതാണ്. തെരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രം അവർ പ്രയോഗിച്ചു. അവർ അതിൽ വിജയിച്ചു. അവരെ ഇക്കാര്യത്തിൽ കുറ്റം പറയാൻ പറ്റില്ല." എന്ന വിചിത്രമായ ഭാഗം പൂരം കലക്കിയതിൽ ബിജെപിയെ വെള്ളപൂശാനുള്ള ശ്രമമാണ്.

പൂര സംഘർഷ സമയത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യുപിയിൽ നിന്നുള്ള പ്രചാരണ കമ്പനി ഉദ്യോഗസ്ഥരും സേവാഭാരതിയുടെ ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. ശബരിമലയിൽ മാത്രമല്ല, ഏത് അമ്പലത്തിലും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഏതറ്റംവരെയും ഇടപെടുന്നതിനു മടിയില്ലാത്തവരുടെ ഒരു കൂട്ടമാണ് ബിജെപി. അവരെ വെറുതേ വിട്ടിട്ട് സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് അൻവർ. എത്ര വൃത്തികെട്ട ഭാഷയിലാണ് ഇന്നലത്തെ പത്രസമ്മേളനത്തിൽ അൻവർ നിങ്ങൾ സംസാരിച്ചത്? നിങ്ങൾ എതിർത്തു പറഞ്ഞ അതേ മാധ്യമ ഭാഷ നിങ്ങൾ ഏറ്റെടുത്തു. എത്ര വൃത്തികെട്ട രീതിയിലാണ് കമ്മ്യൂണിസ്റ്റ് പാർടിയേയും പാർടി സഖാക്കളെയും ശത്രുക്കൾക്കു മുന്നിൽ  കടിച്ചുകീറാൻ നിങ്ങൾ ഇട്ടുകൊടുത്തത്.

ഇന്നത്തെ പല പത്രങ്ങളും തലക്കെട്ടായി വിശദീകരിച്ചിട്ടുള്ളതുപോലെ അൻവറിന്റെ യഥാർത്ഥ ഉന്നം മുഖ്യമന്ത്രിയാണ്. പാർടി നല്ലത്. മുഖ്യമന്ത്രി മോശം. എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതായിരുന്നു തുടക്കം മുതലുള്ള അൻവറിന്റെ യഥാർത്ഥ ഉന്നം എന്നുവേണം മനസിലാക്കാൻ. മുഖ്യമന്ത്രിയുടെയും പാർടി നേതൃത്വത്തിന്റെയും വിശ്വാസ്യതയെ തകർക്കുക. ഇതുവഴി പാർടിയെ ദുർബലപ്പെടുത്തുകയെന്നതാണ് അൻവറിന്റെ തന്ത്രം. ഇതൊരു ദിവാസ്വപ്നം മാത്രമാണ്. കേരളത്തിലെ പാർടി ഒറ്റക്കെട്ടായി എങ്ങനെ ഈ വെല്ലുവിളിയെ നേരിടുമെന്ന് വരും ദിവസങ്ങളിൽ കാണാൻ പോവുകയാണ്.

അൻവർ ഒരു കാര്യം മനസിലാക്കുക. താങ്കൾ അവിടെ സിപിഐ എം സ്വതന്ത്രൻ ആകുന്നതിനുമുമ്പ് നീണ്ട ഒരു ചരിത്രം കേരളത്തിലെ സിപിഐ എമ്മിനുണ്ട്. ഈ പറയുന്ന ബിജെപിയോടും പൊലീസിനോടും പോരാടിമരിച്ച നൂറുകണക്കിന് രക്തസാക്ഷികളുണ്ട് ഈ പാർടിയിൽ. എന്തെല്ലാം പ്രതിസന്ധികൾ തരണം ചെയ്താണ് ഞങ്ങൾ ഇവിടെ എത്തിനിൽക്കുന്നതെന്ന് അൻവറിന് അറിയില്ലായിരിക്കും. അതുകൊണ്ടാണ് ഇപ്പോൾ ശത്രുക്കളുമായി കൂടിച്ചേർന്ന് സിപിഐ എമ്മിനെ തകർത്തുകളയാമെന്ന വ്യാമോഹം താങ്കൾക്ക് ഉണ്ടായിട്ടുള്ളത്. അൻവറിന്റെ കണക്കു കൂട്ടലുകൾ എന്തു തന്നെയായാലും അത് തെറ്റുമെന്ന് ഉറപ്പാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top