23 December Monday

ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ഹരിപ്പാട് > കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ്‌ മരിച്ച ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ ഓർമയ്‌ക്ക്‌ അച്ഛനമ്മമാർ തൃക്കുന്നപ്പുഴയിൽ ആരംഭിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനവും പ്രാർഥനാഹാൾ സമർപ്പണവും വ്യാഴാഴ്‌ച നടക്കും. പിന്നാക്കവിഭാഗത്തിൽനിന്ന് തെരഞ്ഞെടുത്ത രണ്ട്‌ മെഡിക്കൽ വിദ്യാർഥികൾക്ക് 1.25 ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകും. മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കും.

പ്രാർഥനാഹാൾ സമർപ്പണവും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ക്ലിനിക്കിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന്‌ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനും നടത്തും. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനാകും. സഹകരണ– ദേവസ്വം മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. വി പി ഗംഗാധരൻ ഫാർമസി, ലാബ് എന്നിവ ഉദ്ഘാടനംചെയ്യും. മോൻസ് ജോസഫ് എംഎൽഎ പങ്കെടുക്കും.

എംബിബിഎസ് പഠനം കഴിഞ്ഞ്‌ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുമ്പോൾ 2023 മേയ് 10ന് പുലർച്ചെയാണ് ചികിത്സയ്‌ക്കെത്തിയ ആളിന്റെ കുത്തേറ്റ്‌ വന്ദന കൊല്ലപ്പെട്ടത്. കോട്ടയം കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ ജി മോഹൻദാസിന്റെയും തൃക്കുന്നപ്പുഴ വലിയപറമ്പ്‌ മേടയിൽ ടി വസന്തകുമാരിയുടെയും ഏക മകളായിരുന്നു.

വസന്തകുമാരിക്ക് കുടുംബ ഓഹരിയായി തൃക്കുന്നപ്പുഴയിൽ ലഭിച്ച വീട് രണ്ടുനിലയായി നവീകരിച്ചാണ് ക്ലിനിക്ക്‌ പൂർത്തീകരിച്ചത്‌. തൃക്കുന്നപ്പുഴ പഞ്ചായത്ത് അഞ്ചാം വാർഡിൽ വലിയപറമ്പ്‌ വാലേൽ കടവിൽ പല്ലനയാറിന്റെ തീരത്താണ്‌ ക്ലിനിക്ക്. രാവിലെ ഒമ്പതുമുതൽ ഒന്നുവരെയും പകൽ രണ്ടുമുതൽ ആറുവരെയും രണ്ട്‌ ഡോക്‌ടർമാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാകുമെന്ന്‌ ഡോ. വന്ദനയുടെ അച്ഛൻ കെ ജി മോഹൻ ദാസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top