19 September Thursday

താഴുന്നില്ല തിരശീല; അവർ കഥ തുടരുന്നു

ടി പി സുന്ദരേശൻUpdated: Wednesday Sep 18, 2024

അർജുൻരാജ്‌

ചേർത്തല> നാടകം ജീവിതമാക്കിയ രാജനും ഐബിയും സുദീർഘമായ അഭിനയവഴിയിൽ ആർജിച്ച സർഗശേഷിയിലൂടെ മകൻ അർജുൻരാജിനും അഭിനയത്തിളക്കം. അരനൂറ്റാണ്ടായി നാടകവേദിയിൽ താരത്തിളക്കത്തോടെ നിലകൊള്ളുന്ന ചേർത്തല രാജന്റെയും ആയിരക്കണക്കിന്‌ വേദികളിൽ കഥാപാത്രങ്ങൾക്ക്‌ ജീവൻ പകർന്ന ഐബിയുടെയും മകനാണ്‌ അർജുൻ. നാവികസേന ഉദ്യോഗസ്ഥനായ അർജുൻ സതേൺ നേവൽ കമാൻഡ്‌ കൾച്ചറൽമീറ്റിലെ നാടകമത്സരത്തിൽ ആറാംതവണയും മികച്ചനടനായി. നിരവധി പുരസ്‌കാരങ്ങൾ നേടിയവരാണ്‌ രാജനും ഐബിയും.

15–-ാം വയസിലാണ്‌ ചേർത്തല രാജൻ നാടകരംഗത്തെത്തിയത്‌. മുട്ടം പള്ളി കേന്ദ്രമാക്കി രൂപീകരിച്ച എംഎംഎസ്‌ ക്ലബ്ബിലൂടെ ആദ്യമായി അരങ്ങിൽ. പള്ളികളിൽ നാടകാവതരണമായിരുന്നു സുഹൃത്ത്‌ രാജൻ പി ദേവ്‌ ഉൾപ്പെടെ ചേർന്ന്‌ രൂപീകരിച്ച നാടകസമിതിയുടെ ലക്ഷ്യം. പിന്നീട്‌ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ കമ്യൂണിസ്‌റ്റ്‌ നേതാവും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന എൻ പി തണ്ടാരുടെ നേതൃത്വത്തിൽ രൂപീകരിച്ച നാടകസമിതിയുടെ ഭാഗമായി. ആലപ്പുഴ ഉദയ സ്‌റ്റുഡിയോയിൽ ശാരംഗപാണിയുടെ നേതൃത്വത്തിൽ തുടങ്ങിയ ആലപ്പുഴ മലയാള കലാഭവനിൽ ചേർന്നു. ആലുംമൂടൻ, ചേർത്തല തങ്കം തുടങ്ങിയ പ്രതിഭകൾക്കൊപ്പം അരങ്ങിലെത്തി.

അർജുൻരാജ്‌ അച്ഛൻ ചേർത്തല രാജനും അമ്മ ഐബിക്കും ഒപ്പം

അർജുൻരാജ്‌ അച്ഛൻ ചേർത്തല രാജനും അമ്മ ഐബിക്കും ഒപ്പം


    
യവനിക ഉയരുന്നു

കോളേജ്‌ പഠനകാലത്ത്‌ കേരള സർവകലാശാല നാടകോത്സവത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതാണ്‌ ജീവിതത്തിൽ വഴിത്തിരിവായതെന്ന്‌ രാജൻ പറഞ്ഞു. പഠനശേഷം ചേർത്തലയിൽ ആദ്യത്തെ നാടകസമിതി യവനികയ്‌ക്ക്‌ രൂപംനൽകുകയും 18 നാടകം അവതരിപ്പിക്കുകയുംചെയ്‌തു. 18 നാടകങ്ങളുടെയും സംവിധായകൻ രാജൻതന്നെ.

യവനികയിലൂടെയാണ്‌ നടി ഐബി ജീവിതസഖിയായത്‌. ഇതിനിടയിൽ നാവികസേനയിൽ ജോലി ലഭിച്ചു. ശമ്പളം നാടകസമിതി നടത്തിപ്പിന്‌. നാവികസേനയിലെ നാടകമത്സരത്തിൽ പലകുറി മികച്ചനടനായി. കൊച്ചിൻ സംഘചിത്രയുടെ ‘അമരഗന്ധർവൻ’ നാടകത്തിൽ വയലാർ രാമവർമയായി വേഷമിട്ടതാണ്‌ ജീവതത്തിലെ സൗഭാഗ്യമെന്ന്‌ രാജൻ ഓർക്കുന്നു.

രംഗവേദിയുടെ രാജൻ

ഇത്തവണ കൊല്ലം അശ്വതിഭാവനയുടെ ‘പാവങ്ങൾ’ എന്ന നാടകത്തിലാണ്‌ അഭിനയം. ഇതിനകം 55 സമിതിയിലൂടെ 3500ൽപ്പരം വേദികളിൽ അഭിനയിച്ചു. 2019ൽ കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ്‌ നേടി. നിലവിൽ കേരള ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഭരണസമിതി അംഗവും പുരോഗമന കലാസാഹിത്യസംഘം ഏരിയ പ്രസിഡന്റും ബാലസംഘം ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗവുമാണ്‌.
 
2000 വേദികളിൽ വേഷമിട്ട്‌ ഐബി

മൂന്നര പതിറ്റാണ്ട്‌ നീണ്ട നാടകജീവിതത്തിനിടെ പ്രമുഖ പ്രൊഫഷണൽ നാടകസമിതികളിലൂടെ രണ്ടായിരത്തോളം വേദികളിൽ ശ്രദ്ധേയവേഷങ്ങൾ ഐബിയും അവതരിപ്പിച്ചു. രാജൻ പി ദേവിന്റെ ജൂബിലി തിയറ്റേഴ്‌സ്‌, നാടകകൃത്തും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലത്തിന്റെ കൊച്ചിൻ സിദ്ധാർഥ, ചേർത്തല തപസ്യ, യവനിക, തരംഗിണി, നൃത്തശാല, ശൈലജ, ആലുവ ശാരിക തുടങ്ങിയ സമിതികളുടെ നാടകങ്ങളിൽ അഭിനയിച്ചു. നിരവധി അവാർഡുകൾ സ്വന്തമാക്കി.

യുവപ്രതിഭയായി അർജുൻരാജ്‌

കൊച്ചി നേവൽ എയർക്രാഫ്‌റ്റ്‌ യാർഡ്‌ ഉദ്യോഗസ്ഥനാണ്‌. ഇവിടത്തെ ടീം അവതരിപ്പിച്ച റിഫ്ലക്‌സ്‌ ആക്ഷൻ നാടകത്തിലെ അഭിനയത്തിലൂടെയാണ്‌ അർജുൻ മികച്ച നടനായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്‌. നൈസർഗിക കലാവാസന അച്ഛനമ്മമാരുടെ പ്രോത്സാഹനത്തിലൂടെയും സ്വപ്രയത്നത്തിലൂടെയും പരിപോഷിപ്പിക്കുകയാണ്‌ അർജുൻ. അച്ഛനെപ്പോലെ ഉദ്യോഗവും കലാജീവിതവും സമന്വയിപ്പിക്കുകയാണ്‌ ഈ യുവപ്രതിഭ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top