13 December Friday

ദക്ഷിണ റെയിൽവേയിൽ ഡിആർഇയുവിന്‌ അംഗീകാരം ; റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരായ പ്രതിഷേധങ്ങൾക്ക്‌ ജീവനക്കാരുടെ പിന്തുണ

സ്വന്തംലേഖകൻUpdated: Friday Dec 13, 2024

റെയിൽവേ ഹിതപരിശോധനയിൽ മികച്ച വിജയം നേടിയ തിരുവനന്തപുരം ഡിവിഷനിലെ ഡിആർഇയു പ്രവർത്തകർ 
നടത്തിയ ആഹ്ലാദപ്രകടനം



തിരുവനന്തപുരം
റെയിൽവേയെയും ജീവനക്കാരെയും സംരക്ഷിക്കാൻ പോരാട്ടമുഖത്തുള്ള  സിഐടിയു നേതൃത്വത്തിലുള്ള ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയന്‌  അംഗീകാരം. ദക്ഷിണ റെയിൽവേയിൽ നടന്ന ഹിതപരിശോധനയിൽ 33.67 ശതമാനം വോട്ടുനേടിയാണ്‌ ഡിആർഇയു വിജയിച്ചത്‌.   സോൺ അടിസ്ഥാനത്തിൽ 30 ശതമാനം വോട്ടാണ്‌ ട്രേഡ്‌ യൂണിയൻ അംഗീകാരത്തിന്‌ വേണ്ടത്‌. ഇതുപ്രകാരം ഡിആർഇയു, എസ്‌ആർഎംയു എന്നീ യൂണിയനുകൾക്ക്‌ അംഗീകാരം ലഭിച്ചു. അഞ്ചുയൂണിയനുകളാണ്‌  മത്സരിച്ചത്‌. ബിഎംഎസ്‌ ആഭിമുഖ്യത്തിലുള്ള ദക്ഷിണ റെയിൽവേ കർമിക്‌ സംഘിന്‌ (ഡിആർകെഎസ്‌) 4.08 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. ദക്ഷിണ റെയിൽവേയിൽ വോട്ടവകാശമുള്ള  76653 പേരിൽ 67803 പേർ വോട്ടുചെയ്‌തു.

ആദ്യമായി ഹിതപരിശോധന നടന്ന 2007 ൽ 30.33 ശതമാനം നേടി ഡിആർഇയു അംഗീകാരം നേടിയിരുന്നു.  2013ൽ ലഭിച്ചത്‌ 25.5 ശതമാനം.  2013ൽ വലിയ മുന്നേറ്റമുണ്ടാക്കിയിരുന്ന സതേൺ റെയിൽവേ മസ്‌ദൂർ യൂണിയന്‌ (എസ്‌ആർഎംയു) ഇത്തവണ 11 ശതമാനം വോട്ടുകുറഞ്ഞ്‌ 34 ശതമാനമായി.  അഖിലേന്ത്യാതലത്തിൽ സംഘടന സ്വീകരിച്ച തൊഴിലാളി വിരുദ്ധ നിലപാടുകൾക്കാണ്‌ ജീവനക്കാർ  തിരിച്ചടി നൽകിയത്‌.

ഡിആർഇയുവിന്‌ ഏറ്റവും കൂടുതൽ വോട്ട്‌ ലഭിച്ചത്‌ തിരുവനന്തപുരം ഡിവിഷനിൽനിന്നാണ്‌,  3804 വോട്ട്‌. പാലക്കാട്‌ ഡിവിഷനിൽ 3105 വോട്ടും ലഭിച്ചു. എഐഎൽആർഎസ്‌എ, എഐഎസ്‌എംഎ, എഐജിസി, എഐഎഎസ്‌എ, എസ്‌ആർഇഎ എന്നീ സംഘടനകൾ ഡിആർഇയുവിനെ പിന്തുണച്ചു. ഡിആർഇയുവിന്‌ വോട്ടുചെയ്‌തവരെ ജനറൽസെക്രട്ടറി വി ഹരിലാൽ അഭിവാദ്യം ചെയ്‌തു. റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ഡിആർഇയു ഉയർത്തിയത്‌.  പ്രവർത്തകർ തിരുവനന്തപുരത്തും പാലക്കാടും ചെന്നൈയിലെ ദക്ഷിണറെയിൽവേ ആസ്ഥാനത്തും ആഹ്ലാദപ്രകടനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top