കോതമംഗലം > പശുവിനെ തേടിപ്പോയ മൂന്ന് സ്ത്രീകൾ വഴിതെറ്റി കുട്ടമ്പുഴ വനാന്തരത്തിൽ കുടുങ്ങിയ സ്ത്രീകൾക്കായി തിരച്ചിൽ തുടരുന്നു. തിരച്ചിലിനായി വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നീ സംഘങ്ങളെ നിയോഗിച്ചു. കാണാതായവർക്കുള്ള തിരച്ചിലിനു കൂടുതൽ സംഘത്തെ ഏർപ്പെടുത്തിയതായി വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
കൂടുതൽ പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും എത്തിക്കും. തിരച്ചിലിനു ഡ്രോൺ ഉപയോഗിക്കാൻ കലക്ടർക്ക് വനം മന്ത്രി നിർദേശം നൽകി. കുട്ടംമ്പുഴ വനത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ രാവിലെ പുനരാരംഭിച്ചതായി മന്ത്രി അറിയിച്ചു.
മാളേക്കുടി മായ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരാണ് കാട്ടിൽ കുടുങ്ങിയത്. പശുവിനെ തിരക്കി വ്യാഴം പകൽ ഒന്നോടെയാണ് മൂവരും കാടിനുള്ളിലേക്ക് പോയത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഫോണുമായി വൈകിട്ട് 5.30 വരെ ആശയവിനിമയം നടത്തിയിരുന്നതായി വീട്ടുകാർ പറയുന്നു. തുടർന്ന് ഫോൺ ബന്ധം നിലച്ചു. ഇതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പൊലീസിനെയും വനപാലകരെയും വിവരം അറിയിച്ചു. പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുള്ളത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ആധുനികസൗകര്യങ്ങൾ ഉപയോഗിച്ച് വിപുലമായ തിരച്ചിൽ നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..