തിരുവനന്തപുരം> ഡിവൈഎഫ്‌ഐ ‘നമ്മൾ വയനാട് ’ ക്യാമ്പയിനെതിരെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരിൽ നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ പൊലീസ് മേധാവിക്ക് പരാതി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് പരാതി നൽകിയത്.
വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ ഡിവൈഎഫ്‌ഐ വിവിധ ക്യാമ്പയിനുകൾ നടത്തുന്നുണ്ട്. സ്ക്രാപ്പ് ചലഞ്ചുകൾ, ഫുഡ് ചലഞ്ച് തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായി പന്നിയിറച്ചി ചലഞ്ചും സംഘടിപ്പിച്ചിരുന്നു. ഇതുവഴി ലഭിക്കുന്ന തുകയുപയോഗിച്ച് വീടുകൾ നിർമിക്കരുതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞതായി സാമൂഹ്യ മാധ്യമങ്ങളിൽ വ്യജവാർത്തകൾ പ്രചരിപ്പിക്കുകയാണ്.
അബ്ദുള്ള റസാഖ് തിരൂർ എന്ന പ്രൊഫൈലിൽ നിന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ സഹിതമുള്ള പോസ്റ്റർ പ്രചരിപ്പിച്ചത്. ജിഫ്രി മുത്തുക്കോയ ഇത്തരമൊരു പ്രസ്താവന നടത്തുകയോ ഏഷ്യാനെറ്റ് വാർത്തയാക്കുകയോ ചെയയ്‌തിട്ടില്ല. മതസൗഹാർദം തകർത്ത് വർഗീയത പടർത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് പോസ്റ്റർ തയ്യാറാക്കിയത്. വ്യാജ പോസ്റ്റുണ്ടാക്കിയ വ്യക്തിക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..