18 November Monday

ഡിവൈഎഫ്ഐ 11‐ാം അഖിലേന്ത്യാ സമ്മേളനം കൊൽക്കത്തയിൽ

സ്വന്തം ലേഖകൻUpdated: Friday Jan 21, 2022

ന്യൂഡൽഹി > ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനം മെയ്‌ മാസം കൊൽക്കത്തയിൽ നടക്കും. മുംബൈയിൽ നടന്ന ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗമാണ്‌ 11ാം അഖിലേന്ത്യാ സമ്മേളനത്തിന്‌ കൊൽക്കത്ത വേദിയാക്കാൻ തീരുമാനിച്ചത്‌. 10ാം അഖിലേന്ത്യാസമ്മേളനം കൊച്ചിയിലാണ്‌ നടന്നത്‌.

റിപബ്ലിക് ദിനത്തിൽ കേരളം, പശ്‌ചിമബംഗാൾ, തമിഴ്‌നാട്‌, ചത്തീസ്‌ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളുടെ നിശ്‌ചലദൃശ്യങ്ങൾക്ക്‌ അനുമതി നൽകാത്ത കേന്ദ്രസർക്കാർ നടപടിയിൽ കേന്ദ്രകമ്മിറ്റി യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ശ്രീനാരായണഗുരു, സുഭാഷ്‌ചന്ദ്രബോസ്‌, വേലുനച്ചിയാർ തുടങ്ങിയവർക്ക്‌ ആദരവർപ്പിക്കുന്ന നിശ്‌ചലദൃശ്യങ്ങൾക്കാണ്‌ അനുമതി നിഷേധിച്ചത്‌. സാമ്രാജ്യത്വശക്തികൾക്ക്‌ എതിരായ പോരാട്ടങ്ങളെ അംഗീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ചരിത്രവിമുഖതയാണ്‌ ഈ നടപടിയിലൂടെ വെളിപ്പെട്ടതെന്ന്‌ യോഗം ചൂണ്ടിക്കാണിച്ചു.

കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ 26ന്‌ അതത്‌ സംസ്ഥാനങ്ങളിൽ പ്രതീതാത്മകമായി നിശ്‌ചലദൃശ്യങ്ങളുടെ പ്രദർശനങ്ങൾ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കും. കൊൽക്കത്തയിൽ നേതാജി സുഭാഷ്‌ചന്ദ്രബോസിന്റെയും കേരളത്തിൽ ശ്രീനാരായണഗുരുവിന്റെയും നിശ്‌ചലദൃശ്യങ്ങൾ  പ്രദർശിപ്പിക്കും. 30ന്‌ മഹാത്മാഗാന്ധി രക്തസാക്ഷിദിനത്തിൽ വർഗീയവിരുദ്ധ ദിനം ആചരിക്കും. രാജ്യത്ത്‌ രൂക്ഷമാകുന്ന തൊഴിലില്ലായ്‌മയ്‌ക്ക്‌ എതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർത്താനും കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു.

പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കുകയും സ്ഥിരം തൊഴിലവസരങ്ങൾ വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടി വലിയ സാമൂഹ്യപ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്ന്‌ യോഗം വിലയിരുത്തി. അഖിലേന്ത്യാ സമ്മേളനത്തിന്‌ മുന്നോടിയായി രാജ്യമുടനീളം വിവിധ വിഷയങ്ങളിൽ സെമിനാറുകൾ ഉൾപ്പടെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top