കണ്ണൂർ > പല മനുഷ്യർ, പല സ്ഥലങ്ങളിലേക്കുള്ള യാത്രകൾ. നാടിന്റെ യുവത നീട്ടിയ കരങ്ങളിലേക്ക് ബസ് യാത്രക്കാർ ഉള്ളുനിറഞ്ഞ് പണം നൽകി. ഒരു നിമിഷാർധത്തിലെത്തിയ ഉരുൾപൊട്ടലിൽ ജീവിതംമാറിമറിഞ്ഞ വയനാട്ടുകാരെ ചേർത്തുപിടിക്കാൻ ദൂരങ്ങൾക്കിപ്പുറത്തുനിന്നുള്ള സ്‌നേഹപ്രവാഹമായി അത്.
ദുരിതബാധിതർക്ക് വീട് നിർമിക്കാൻ ഡിവൈഎഫ്‌ഐ നടത്തിയ ‘സ്‌നേഹയാത്ര’ എന്ന ബസ്‌യാത്രയിൽ ഉദാരമതികളുടെ സഹായങ്ങൾ ഒഴുകി.
മയ്യിൽ –-കണ്ണൂർ റൂട്ടിലോടുന്ന പതിനൊന്നിലധികം സ്വകാര്യ ബസുകളും പാനൂർ ബസ്‌സ്‌റ്റാൻഡിൽനിന്ന് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന 50 സ്വകാര്യബസുകളും യാത്രയിൽ പങ്കാളികളായി. വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന മയ്യിലെ ഏഴ് ‘മേഴ്സി’ ബസും രണ്ട് ‘തൻവിയ’ ബസും ആരവ്, എൻഎൻടി ബസുകളുമാണ് ഡിവൈഎഫ്ഐ നടത്തിയ സ്നേഹയാത്രയിൽ പങ്കാളികളായത്.
ഒരു സ്‌റ്റോപ്പിലേക്കും ടിക്കറ്റ് മുറിച്ചില്ല. സഹായ ശേഖരണ ബക്കറ്റുമായി ഡിവൈഎഫ്ഐ പ്രവർത്തകർ അണിനിരന്നു. തുറന്ന ബക്കറ്റിലേക്ക് ഇഷ്‌ടമുള്ള തുക യാത്രക്കാർ സംഭാവന നൽകി. ഈ ബസ്സുകളുടെ ഒരുദിവസത്തെ മുഴുവൻ വരുമാനവും പുനരധിവാസത്തിനായി നൽകും.
യാത്ര ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് ഫ്ലാഗ്ഓഫ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..