മെഴുവേലി > ജോലിക്കിടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഡിവൈഎഫ്ഐ നേതാവിന് പൊലീസിന്റെ അതി ക്രൂരമർദ്ദനം. വീടിനു മുന്നിലെ റോഡരികിൽ ബൈക്കിൽ കയറുന്നതിനിടെ ഡിവൈഎഫ്ഐ മെഴുവേലി മേഖലാ പ്രസിഡന്റും സിപിഐ എം അംഗവുമായ സതീഷ് ഭവനിൽ എസ് മനു സതീഷി (38) നാണ് മർദനമേറ്റത്. സഹോദരനും സുഹൃത്തുക്കളും നോക്കിനിൽക്കെയായിരുന്നു അകാരണമായി മർദ്ദിച്ചത്. മനുവിന്റെ ചെവിക്കല്ല് അടിച്ചു തകർത്തു. വിവസ്ത്രനാക്കി വലിച്ചിഴച്ച് ജീപ്പിലേയ്ക്ക് വലിച്ചെറിഞ്ഞു.
ഇലവുംതിട്ട പൊലീസ് സബ് ഇൻസ്പക്‌ടർ എസ് മനുവേലും കൂടെയുണ്ടായിരുന്ന പൊലീസുകാരും ചേർന്നായിരുന്നു ആക്രമണം . ചൊവ്വ പകൽ 2.55 നായിരുന്നു സംഭവം. അവശനിലയിലായ മനുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റേഷന് നൂറുമീറ്റർ മാത്രം അകലെയാണ് അക്രമം നടന്നത്.
സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ കമ്പിവേലി ഇടുന്ന ജോലിക്കിടയിൽ ഭക്ഷണം കഴിക്കാനെത്തിയതാണ് മനു. കൂട്ടുകാരന്റെ ബൈക്കിൽ കയറാൻ വരികയായിരുന്നു. കാലിന്റെ രണ്ടു ലിഗമെന്റിനും പരിക്കുപറ്റിയ മനു പതിയെയാണ് നടക്കുക. ഈ സമയം ഇതു വഴി വന്ന ഇലവുംതിട്ട പൊലീസ് ജീപ്പ് മനുവിന്റെ സമീപം നിർത്തി. "നീ കള്ളുകുടിച്ചിട്ടുണ്ടോയെന്ന് എസ്ഐ ചോദിച്ചു. ഇല്ലാ എന്നു പറഞ്ഞതോടെ "നീ കഞ്ചാവു കച്ചോടക്കാരനാണോ’എന്നായി ചോദ്യം. അല്ലാ എന്നു പറഞ്ഞതോടെ ഉടുപ്പ് ഊരണമെന്നായി. പെട്ടന്ന് മദമിളകിയ പോലെ യുവാവിന്റെ മുഖത്ത് തുടരെ തുടരെ എസ്ഐ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന പൊലീസുകാരും മനുവിനെ മർദ്ദിച്ചു.
ജീപ്പിൽ വലിച്ചിഴച്ച് കയറി സ്റ്റേഷനിൽ കൊണ്ടു പോയി. വിവരം അറിഞ്ഞ് നാട്ടുകാരും സിപിഐ എം പ്രവർത്തകരും എത്തിയതോടെയാണ് മനുവിനെ വിട്ടയച്ചത്. നിരപരാധിയായ യുവാവിനെ മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധം വ്യാപകമാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുധീഷ് ബാബു, സെക്രട്ടറി സജിത് പി ആനന്ദ്, ജോയിന്റ് സെക്രട്ടറി നൈജിൽ കെ ജോൺ, സിപിഐ എം മെഴുവേലി ലോക്കൽ സെക്രട്ടറി അനീഷ് മോൻ, കോഴഞ്ചേരി സെക്രട്ടറി എം കെ വിജയൻ, ജോയൽ ജയകുമാർ, വിമൽരാജ് തുടങ്ങിയവർ മനുവിനെ ആശുപത്രിയിൽ സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..