19 September Thursday

മാധ്യമങ്ങളുടെ നുണ വ്യവസായത്തെ തുറന്ന് കാട്ടാൻ ഡിവൈഎഫ്ഐ; 19ന് യുവജന പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

കോഴിക്കോട്> മാധ്യമങ്ങളുടെ നുണ വ്യവസായത്തെ തുറന്ന് കാട്ടാൻ ഡിവൈഎഫ്ഐ പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡൻ്റ് വി വസീഫും വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാജ വാർത്തകൾക്കെതിരെ സെപ്തംബർ 19ന് എല്ലാ ജില്ലാ കേന്ദത്തിലും യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും തിരുവനന്തപുരത്ത് Fact to Fake മാധ്യമ നുണകളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.  

മാധ്യമങ്ങളുടെ ഇടതുപക്ഷ രാഷ്ട്രീയവിരോധം എല്ലാ പരിധിയും വിട്ട് കേരള വിരോധമായി മാറി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് സഹായം അഭ്യർത്ഥിക്കാൻ തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റ് തുക ചൂണ്ടികാണിച്ച് ചിലവഴിച്ച തുകയാണ് എന്ന നിലയിൽ നടത്തുന്ന സത്യവിരുദ്ധമായ പ്രചരണങ്ങൾ.

പകൽ മുഴുവൻ വ്യാജ വാർത്ത കൊടുക്കുകയും വിമർശനം ഉയരുമ്പോൾ രാത്രി നേരത്തെ കൊടുത്തത് തെറ്റായ വാർത്തയായിരുന്നു എന്ന് യാതൊരു സങ്കോചവും ഇല്ലാതെ പറയുന്നതും മാധ്യമങ്ങൾ പതിവാക്കിയിരിക്കുകയാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സാധാരണ നിലയിൽ എസ്ഡിആർഎഫ് ചട്ടങ്ങൾ അനുസരിച്ചു ഏതൊരു സംസ്ഥാന സർക്കാരും തയ്യാറാക്കുന്ന രീതിയിലാണ് കേരള സർക്കാരും  മെമ്മോറാണ്ടം തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്. എന്നാൽ ഈ മെമ്മോറണ്ടത്തിലെ എസ്റ്റിമേറ്റ്  കണക്കുകൾ ചിലവെന്ന രൂപത്തിൽ അവതരിപ്പിച്ചു തെറ്റിദ്ധാരണ പരത്തുന്നത് മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടിയാണ്.

ദുരന്തം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രി നേരിട്ട് വയനാട്  സന്ദർശിച്ച് കാര്യങ്ങൾ ബോധ്യ പ്പെട്ടിട്ടും ഇതുവരെ വയനാട് ദുരിതാശ്വാസത്തിനായി കേന്ദ്രം ഒരു രൂപ പോലും  അനുവദിച്ചിട്ടില്ല. കേന്ദ്രം കേരളത്തോട് കാണിക്കുന്ന ഈ അവഗണന ചർച്ചയാക്കി കൊണ്ടുവരേണ്ട മാധ്യമങ്ങൾ കേന്ദ്രത്തിന്റെ കേരള വിരുദ്ധ സമീപനത്തിന് വ്യാജ വാർത്തകളിലൂടെ കുട പിടക്കുകയാണ്.  മാധ്യമങ്ങളുടെ കള്ള പ്രചാരണത്തി നെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്നും വി കെ സനോജും  വി വസീഫും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top