തൃശൂർ
കന്യാകുമാരി തെരുവിൽ ഈ യുവാക്കൾ ചായക്കച്ചവടം നടത്തുന്നത് സ്വന്തം വരുമാനത്തിനായല്ല, വയനാട് ദുരന്തബാധിതരെ സഹായിക്കാനാണ്. വയനാടിനെ കൈപിടിച്ചുയർത്താൻ തമിഴ്‌നാട്ടിലും വൈവിധ്യമാർന്ന വഴികളിലൂടെ പണം കണ്ടെത്തുകയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. അതിരുകൾ കടന്നുനീളുന്ന സഹായത്തിന്റെ കരംപിടിക്കാൻ തമിഴ്‌നാട് മന്ത്രിയും എംപിയും ചായക്കടയിലെത്തി.
"ദുരിതബാധിതരെ സഹായിക്കാൻ ഒന്നിക്കൂ, ചായയും പലഹാരവും കഴിക്കൂ, വയനാടിനെ സഹായിക്കൂ' എന്ന മുദ്രാവാക്യത്തോടെ തക്കല ബസ് സ്റ്റാൻഡിനുസമീപമാണ് ഡിവൈഎഫ്‌ഐ കന്യാകുമാരി ജില്ലാകമ്മിറ്റി ചായക്കട തുടങ്ങിയത്. രാപകൽ വ്യത്യാസമില്ലാതെ ജില്ലാ പ്രസിഡന്റ് വി രതീഷ്, സെക്രട്ടറി എഡ്വിൻ ബ്രൈറ്റ്, ട്രഷറർ എം വിഷ്‌ണു എന്നിവരുടെ പ്രയത്നത്തിലാണ് ചായക്കടയിലെ കച്ചവടം. ചായക്കട നടത്താൻ പാൽ മുതൽ ലഘുഭക്ഷണംവരെ സംഭാവനയായും കുറഞ്ഞ വിലയ്‌ക്കും നൽകി പ്രദേശവാസികളും കൂടെനിന്നു. ഇച്ഛാശക്തിയും നാട്ടുകാരുടെ പിന്തുണയും ചേർന്നപ്പോൾ ഒറ്റ ദിവസം കൊണ്ട് 70,000 രൂപ കണ്ടെത്തുന്ന തലത്തിലേക്ക് സംരംഭം വളർന്നു. ഇതോടെ മറ്റു സ്ഥലങ്ങളിലും ചായക്കട ആരംഭിക്കാൻ പ്രചോദനം ലഭിച്ചു. കനത്ത മഴയ്‌ക്കിടയിലും കെ കനിമൊഴി എംപി, ക്ഷീരമന്ത്രി മനോ തങ്കരാജ്, സിപിഐ എം ജില്ലാ സെക്രട്ടറി ആർ ചെല്ലസ്വാമി എന്നിവർ നേരിട്ട് ചായക്കടയിലെത്തി. യുവാക്കളുടെ അർപ്പണബോധത്തിന്, ചായകുടിച്ച് പ്രോത്സാഹനവും നൽകി.
വയനാട് ദുരിത ബാധിതർക്കായി 25 വീടുകൾ നിർമിച്ചുനൽകാൻ ഡിവൈഎഫ്‌ഐ കേരള സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പാഴ്‌വസ്‌തുക്കൾ ശേഖരിച്ച് വിറ്റാണ് പണം കണ്ടെത്തുന്നത്. മീൻകച്ചവടം, ബിരിയാണി വിൽപ്പന, നിർമാണ ജോലികൾ തുടങ്ങി വിവിധ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..