വടകര> 'കാഫിര്‍' സ്ക്രീൻ ഷോട്ട് നിർമ്മിച്ചത് ഡിവൈഎഫ്ഐ ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് വടകര ബ്ലോക്ക് കമ്മറ്റി. സ്ക്രീൻ ഷോട്ട് നിർമ്മച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആർ എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം നൽകുമെന്ന് വടകര ബ്ലോക്ക് കമ്മറ്റി ഔദ്യോഗകി ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
സംഭവത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കുറ്റ്യാടി മുൻ എംഎൽഎയുമായ പാറക്കൽ അബ്‌ദുള്ളയ്‌ക്കെതിരെ കഴിഞ്ഞ ദിവസം റിബേഷ് വക്കീൽ നോട്ടീസ് അയിച്ചിരുന്നു. കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് റിബേഷാണെന്ന തരത്തിൽ പാറക്കൽ അബ്‌ദുള്ള നവമാധ്യമങ്ങളിൽ പ്രചാരണം നടത്തിയത്. ഐയുഎംഎൽ സംസ്ഥാന സെക്രട്ടറി എന്ന വിലാസത്തിലായിരുന്നു ലീഗ് നേതാവിന്റെ നവമാധ്യമങ്ങളിലെ പോസ്റ്റ്. ‘കാഫിർ കേസ് : വ്യാജ സ്ക്രീൻ ഷോട്ട് നിർമ്മിച്ചതും പ്രചരിപ്പിച്ചതും ഇടതു വാട്‌സപ്പ് ഗ്രൂപ്പുകൾ’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ റിബേഷാണ് ‘റെഡ് എൻകൗണ്ടേഴ്‌സ്’ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് അയച്ചത് എന്ന് സൂചിച്ചിരുന്നു. ഇതിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചത്.
റെഡ് എൻകൗണ്ടർ എന്ന ഇടത് അനുകൂല വാട്‌സാപ്പ് ഗ്രൂപ്പിൽ റിബേഷ് ഷെയർ ചെയ്ത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതെന്ന അനുമാനത്തിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 'റിബേഷിന്റെ മൊഴിയെടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെനിന്നാണെന്ന് പറയാൻ തയ്യാറായില്ല. പോസ്റ്റ് സൃഷ്ടിച്ചത് റിബേഷ് ആണോ അതോ ഡൗൺലോഡ് ചെയ്തതാണോ എന്നറിയാൻ ഫോൺ ഫോറൻസിക് പരിശോധനയ്ക്കയച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..