03 December Tuesday

മുണ്ടക്കൈ–ചൂരൽമല ദുരന്തം: കേന്ദ്ര വഞ്ചനക്കെതിരെ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല

സ്വന്തം ലേഖകൻUpdated: Monday Dec 2, 2024

കൽപ്പറ്റ> മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ വഞ്ചനക്കെതിരെ മേപ്പാടിയിൽ യുവതയുടെ മനുഷ്യച്ചങ്ങല. സർവം നഷ്ടമായവരുടെ കണ്ണീരൊപ്പാനുള്ള പോരാട്ടത്തിൽ തോരാമഴയിലും നാട്‌ കൈകോർത്ത്‌ കണ്ണികളായി. ഉരുൾപൊട്ടി  നാലുമാസം പിന്നിട്ടിട്ടും ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ നയാപൈസ അനുവദിക്കാത്ത കേന്ദ്രസർക്കാരിന്റെ  ക്രൂരതക്കെതിരെ ‘മോദീ ഞങ്ങളും മനുഷ്യരാണ്‌’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധച്ചങ്ങല.

ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിച്ച്‌ സഹായം നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അവഗണിക്കുന്ന കേന്ദ്രസർക്കാരിനെതിരെയുള്ള മനുഷ്യച്ചങ്ങലയിൽ ദുരന്തബാധിത കുടുംബങ്ങളടക്കം കണ്ണികളായി. നൂറുകണക്കിന്‌ ബഹുജനങ്ങളും ഐക്യദാർഢ്യമായെത്തി. സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, പ്രസിഡന്റ്‌ വി വസീഫ്‌, ജില്ലാ സെക്രട്ടറി കെ റഫീഖ്‌ എന്നിവർ കണ്ണികോർത്ത്‌ ആരംഭിച്ച ചങ്ങല മനുഷ്യമതിലായി. ദുരന്തസമയത്ത്‌ ആശുപത്രിയിലെത്തി പ്രധാനമന്ത്രി താലോലിച്ച നൈസ മോളെ എടുത്താണ്‌ സനോജ്‌ കണ്ണിയായത്‌.

സിപിഐ എം ജില്ലാ സെക്രട്ടറി പി ഗാഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ തുടങ്ങിയ നേതാക്കളും അണിനിരന്നു. പ്രതിഷേധം കേരളത്തിന്റെയാകെ ശബ്ദമായി. അർഹമായ സഹായം നൽകിയില്ലെങ്കിൽ പോരാട്ടം അഗ്നിയായി പടരുമെന്ന യുവജന പ്രതിജ്ഞയോടെ ചങ്ങലപിരിഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌  കെ എം ഫ്രാൻസിസ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top