27 December Friday

രാജയുടെ ഓർമയിലുണ്ട്‌ പഠനകാലത്തെ ചൂരൽമല ; യൂത്ത്‌ ബ്രിഗേഡിന്റെ തിരച്ചിലിന് 
എംഎൽഎമാരായ 
എ രാജയും എം എസ്‌ അരുൺകുമാറും

അജ്‌നാസ്‌ അഹമ്മദ്‌Updated: Monday Aug 12, 2024

ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് അംഗമായി ദേവികുളം എംഎൽഎ എ രാജയും മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാറും (ഇടത്തുനിന്ന് രണ്ടാമതും മൂന്നാമതും) ചൂരൽമലയിൽ ജനകീയ തിരച്ചിലിൽ പങ്കാളികളായപ്പോൾ


ചൂരൽമല
ഇനിയും കണ്ടെത്താനാകാത്ത ഉറ്റവരെത്തേടി നാടാകെയിറങ്ങിയപ്പോൾ മേപ്പാടി സ്‌കൂളിലെ പഴയ പത്താംക്ലാസുകാരനും അവർക്കൊപ്പംകൂടി. ദേവികുളം എംഎൽഎ എ രാജയാണ്‌ ചൂരൽമലയിലും മുണ്ടക്കൈയിലും ജനകീയ തിരച്ചിലിൽ നാട്ടുകാരിലൊരാളായി രംഗത്തിറങ്ങിയ പഴയ പത്താം ക്ലാസുകാരൻ. യൂത്ത്‌ ബ്രിഗേഡിന്റെ നീലക്കുപ്പായത്തിൽ ദുരന്തമേഖലയിൽ തിരച്ചിലിനിറങ്ങിയപ്പോൾ എ രാജയുടെ മനസ്സിലേക്ക്‌ കുട്ടിക്കാലത്തെ ഓർമകളുമെത്തി.

ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു രാജയുടെ ഹൈസ്‌കൂൾ പഠനം. 2000ൽ എസ്‌എസ്‌എൽസി പഠനം പൂർത്തിയാക്കി. ചേരമ്പാടിയിലെ ബന്ധുവീട്ടിൽ താമസിക്കുന്ന കാലം. ഹോസ്‌റ്റലിൽ താമസിച്ചായിരുന്നു പഠനം. അരപ്പറ്റ സിഎംഎസ്‌ സ്‌കൂളിലെ യുപി പഠനകാലംമുതൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയിരുന്ന ഇടങ്ങളാണ്‌ മണ്ണിനടിയിലെന്ന്‌ അദ്ദേഹം പറഞ്ഞു.  മണ്ണിനടിയിൽ പഴയ സഹപാഠികളും ഉണ്ടായേക്കാം. തിരച്ചിലിനുശേഷം സ്‌കൂളിലെത്തി ക്യാമ്പ്‌ അംഗങ്ങളെയും കണ്ടശേഷമാണ്‌ എംഎൽഎ മടങ്ങിയത്‌.

ഡിവൈഎഫ്‌ഐ  യൂത്ത്‌ ബ്രിഗേഡ്‌ അംഗമായി  മാവേലിക്കര എംഎൽഎ എം എസ്‌ അരുൺകുമാറും രാജയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ്‌ എന്നിവരടക്കം നൂറുകണക്കിന്‌ പ്രവർത്തകരാണ്‌ ജനകീയ തിരച്ചിലിനെത്തിയത്‌. തമിഴ്‌നാട്‌ നീലഗിരി ജില്ലയിൽനിന്നുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകരും ഞായറാഴ്‌ച തിരച്ചിലിനെത്തി. ജില്ലാ സെക്രട്ടറി ടി സുദർശനൻ, ട്രഷറർ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന സംഘമാണ്‌ എത്തിയത്‌. 

ഇന്ന്‌ തിരച്ചിൽ ചാലിയാറിൽ
ഞായറാഴ്‌ച നടന്ന രണ്ടാം ദിവസത്തെ ജനകീയ തിരച്ചിലിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്‌, എ കെ ശശീന്ദ്രൻ, ഉത്തരമേഖലാ ഐജി കെ സേതുരാമൻ, വയനാട്‌ രക്ഷാദൗത്യം സ്‌പെഷൽ ഓഫീസർ പി വിഷ്‌ണുരാജ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. വിവിധ സേനാംഗങ്ങൾ, കാണായതായവരുടെ ബന്ധുക്കൾ, നാട്ടുകാർ എന്നിവരും ആറുമേഖലകളായി തിരിഞ്ഞുള്ള തിരച്ചിലിൽ പങ്കാളികളായി. തിങ്കളാഴ്‌ച ചാലിയാറിൽ അഞ്ചുമേഖലകളിലായി സേനകളും വളണ്ടിയർമാരും ചേർന്ന്‌ പ്രത്യേക തിരച്ചിൽ നടത്തും. മുണ്ടക്കൈയിലും ചൂരൽമലയിലും പതിവുതിരച്ചിലുമുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top