24 December Tuesday

മാലിന്യവിമുക്ത നവകേരളത്തിനായി
യൂത്ത് ബ്രിഗേഡ്‌ ; തീരുമാനം സംസ്ഥാന ലീഡേഴ്‌സ്‌ മീറ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച യൂത്ത് ബ്രിഗേഡ് ലീഡേഴ്‌സ് മീറ്റിൽ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ ശുചിത്വ പ്രതിജ്ഞയെടുക്കുന്നു



ആലപ്പുഴ
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ‘മാലിന്യ വിമുക്ത നവകേരളം’ പദ്ധതി വിജയിപ്പിക്കാൻ ഡിവൈഎഫ്ഐയും. ഇതിന്റെ ഭാഗമായി യൂത്ത്‌ ബ്രിഗേഡ്‌ സെപ്തംബർ 28നും  29നും പ്രത്യേക ക്യാമ്പയിൻ നടത്തി മാലിന്യകേന്ദ്രങ്ങൾ ശുചീകരിച്ച് തണലിടം, പൂന്തോട്ടം, വിശ്രമകേന്ദ്രം, പച്ചത്തുരുത്ത് തുടങ്ങിയവ നിർമിക്കും.

ആദ്യഘട്ടത്തിൽ സംസ്ഥാനത്താകെ 10,000 മാലിന്യക്കുട്ടകൾ സ്ഥാപിക്കും. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ജനകീയ സ്‌ക്വാഡുകൾ രൂപീകരിക്കും. തോടുകളടക്കം ജലാശയങ്ങൾ ശുചീകരിക്കും. ശുചിത്വ പ്രചാരണത്തിന് ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കും. പ്രകൃതിസൗഹൃദ ബദലുകളുടെ പ്രോത്സാഹനം, അശാസ്‌ത്രീയവും അനാരോഗ്യകരവുമായ മാലിന്യനിക്ഷേപം ശുചീകരിക്കൽ എന്നിവയിലും ഡിവൈഎഫ്‌ഐ പങ്കാളികളാകും. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാകും പ്രവർത്തനം. ആതുരസേവന മേഖലയിലും യൂത്ത് ബ്രിഗേഡ് സജീവമായി ഇടപെടും. കൂടുതൽ ആംബുലൻസ് സർവീസുകൾ ആരംഭിക്കും.

ആലപ്പുഴ റെയ്‌ബാൻ ഓഡിറ്റോറിയത്തിൽ നടന്ന ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ സംസ്ഥാന ലീഡേഴ്‌സ്‌ മീറ്റിൽ ഇതുസംബന്ധിച്ച പ്രവർത്തനരേഖ പുറത്തിറക്കി. മികച്ച പ്രവർത്തനങ്ങൾക്ക്‌ ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നൽകാനും തീരുമാനിച്ചു.

ലീഡേഴ്‌സ്‌ മീറ്റ്‌ ആലപ്പുഴയിൽ മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനംചെയ്‌തു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രവർത്തനരേഖ അവതരിപ്പിച്ചു. ശുചിത്വ മിഷൻ കൺസൾട്ടന്റുമാരായ എൻ ജഗജീവൻ, ശിവജിത്‌, ആലപ്പുഴ മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ഡോ. അബ്‌ദുൽസലാം എന്നിവർ  ക്ലാസെടുത്തു. സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആർ രാഹുൽ, എം ഷാജർ, ചിന്നു എൽ കടവിൽ, അനുപ്രിയ ദിനൂപ്, ജെയിംസ് ശമുവേൽ എന്നിവർ സംസാരിച്ചു. 420 പേർ  ലീഡേഴ്‌സ്‌ മീറ്റിൽ  പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top