21 November Thursday

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌ ജനാധിപത്യത്തിന്റെ ചരമഗീതം : ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024


തിരുവനന്തപുരം
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌ എന്ന ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കുന്നതിലൂടെ ബിജെപി സർക്കാർ ഇന്ത്യൻ ജനാധിപത്യത്തിന്‌ ചരമഗീതം എഴുതുകയാണെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപി. ആർഎസ്‌എസ്‌ മുന്നോട്ടുവച്ച സ്വപ്നത്തിലേക്കുള്ള ചുവടുവയ്‌പ്പാണിത്‌. തെരഞ്ഞെടുപ്പ്‌ പ്രക്രിയ പ്രസിഡൻഷ്യൽ രീതിയിലേക്ക്‌ മാറ്റി കേന്ദ്രീകൃത, ഏകാധിപത്യ രാഷ്ട്രം സ്ഥാപിക്കാനാണ്‌ നീക്കമെന്ന്‌ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്കാരം എന്ന മുദ്രാവാക്യം ആർഎസ്‌എസ്‌ രൂപീകരണ ഘട്ടത്തിൽത്തന്നെ മുന്നോട്ടുവച്ചിരുന്നു. ഏകശിലാത്മകമായ സംവിധാനമാണ്‌ ലക്ഷ്യമിടുന്നത്‌. ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ രാജ്യമാകെ പ്രചാരണ പ്രവർത്തനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഡിവൈഎഫ്‌ഐ നേതൃത്വം നൽകും. ഇതിനായി ഇടതു വിദ്യാർഥി, യുവജന കൂട്ടായ്മ രൂപീകരിക്കും. സമാനഹൃദയരായ മറ്റ്‌ വിദ്യാർഥി, യുവജന സംഘടനകളെയും പ്രക്ഷോഭവുമായി യോജിപ്പിക്കും.
ആർഎസ്‌എസിനെ തൃപ്തിപ്പെടുത്താനാണ്‌ മോദി–- അമിത്‌ഷാ കൂട്ടുകെട്ടിന്റെ ശ്രമം. കേന്ദ്രസർക്കാർ ജീവനക്കാർക്ക്‌ ആർഎസ്‌എസിൽ പ്രവർത്തിക്കാൻ അനുമതി നൽകിയത്‌ ഇതിന്റെ ഭാഗമാണ്‌. വയനാട്‌ ദുരന്തബാധിതർക്ക്‌ സഹായം ലഭ്യമാക്കാൻ സർക്കാർ നൽകിയ നിവേദനവുമായി ബന്ധപ്പെട്ട്‌ വ്യാജവാർത്ത നൽകിയത്‌ തെറ്റായ മാധ്യമ സംസ്കാരമാണ്‌. സർക്കാർ, ഇടതുവിരുദ്ധ ഗൂഢാലോചനയാണ്‌ ഇത്തരം വാർത്തകൾക്ക്‌ പിന്നിൽ.

ചിലയാളുകൾ തീവ്രവാദ നിലപാടിലേക്ക്‌ പോകുന്നുണ്ടെങ്കിലും ഒരു മതത്തിലും അവരല്ല ഭൂരിപക്ഷം. മതനിരപേക്ഷ നിലപാടുയർത്തി കേരളം ഇത്തരം നീക്കങ്ങൾ ചെറുക്കുമെന്നും റഹിം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top