08 November Friday

402 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായി: മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Sunday Apr 24, 2022

തിരുവനന്തപുരം> സംസ്ഥാനത്തെ 402 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 176 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യം. 150 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സേവനം ഉടൻ ലഭ്യമാക്കുന്നതാണ്. 70,000 കൺസൾട്ടേഷനും 20,000 പ്രിസ്‌ക്രിപ്ഷനും, 6,500 ലാബ് പരിശോധനകളുമാണ് പ്രതിദിനം ഇ ഹെൽത്തിലൂടെ നടത്തുന്നത്. ഇലക്‌ട്രോണിക്‌സ് സംവിധാനത്തിലൂടെ രോഗീ സൗഹൃദ ചികിത്സ ഉറപ്പാക്കും. ഈ ബജറ്റിൽ ഇ ഹെൽത്ത് പദ്ധതിയ്ക്കായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയെ സമ്പൂർണമായും ഡിജിറ്റലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള അമ്പതിനായിരത്തോളം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് സഹായകരമാണ് ഇ ഹെൽത്ത് സംവിധാനം. 2022-23 ഓടെ 200 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് നടപ്പിലാക്കുന്നതാണ്. ഇതിലൂടെ പ്രതിദിനം ഒരു ലക്ഷം പേർക്ക് ഇ ഹെൽത്ത് സേവനം നൽകാനാമ് ലക്ഷ്യമിടുന്നത്. പ്രതിദിനം 50,000 ഓൺലൈൻ അപ്പോയ്‌മെന്റ്, 10,000 ലാബ് റിപ്പോർട്ട് എന്നിവയും ലക്ഷ്യമിടുന്നു. 50 ലക്ഷം ജനങ്ങളുടെ ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണത്തിനായി ശൈലി ആപ്പ് സജ്ജമാക്കും.

ഒരാൾ ആശുപത്രിയിലെത്തി മടങ്ങുന്നതുവരെ പേപ്പർ രഹിത സംവിധാനമാക്കുകയാണ് ലക്ഷ്യമിടുന്നത്. എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെൽത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴിൽ ഓൺലൈൻ വഴി ചെയ്യാൻ കഴിയുന്നു. ഈ പദ്ധതിയിലൂടെ ഓൺലൈനായി വീട്ടിലിരുന്ന് തന്നെ ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റെടുക്കാനും സാധിക്കും. ഇതിലൂടെ അവരവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാൻ സാധിക്കുന്നു. മാത്രമല്ല ആശുപത്രികളിലെ ക്യൂവും ഒഴിവാക്കാൻ കഴിയുന്നു. സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഒ.പി. ക്ലിനിക്കുകൾ, ഫാർമസി, ലബോറട്ടറി, റേഡിയോളജി എന്നിങ്ങനെ എല്ലാ സേവനങ്ങൾക്കും ടോക്കൺ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ ക്യൂ മാനേജ്‌മെന്റ് സമ്പ്രദായം നടപ്പിലാക്കാൻ സാധിക്കും. ലാബ് പരിശോധനാക്കുറിപ്പുകളും പരിശോധനാ ഫലവും ഓൺലൈനായി നേരിട്ട് ലാബുകളിലും തിരികെ ഡോക്ടർക്കും ലഭ്യമാകുന്നു.

ഇ ഹെൽത്തിലൂടെ ചികിത്സ, റിസർച്ച്, ആരോഗ്യ പ്രവർത്തകരുടെ പരിശീലനം, രോഗനിർണയം, പൊതുജനാരോഗ്യം നിരീക്ഷിക്കൽ എന്നിവ സാധ്യമാകുന്നു. കൂടാതെ രോഗിയുടെ രോഗ വിവരങ്ങൾ മനസിലാക്കൽ, വിവര വിനിമയം, ഇലക്‌ട്രോണിക് റെഫറൽ സംവിധാനത്തിലൂടെ രോഗിയെ കുറിച്ചുള്ള വിവരങ്ങൾ പ്രാഥമിക മേഖലയിൽ നിന്നും ദ്വിതീയ മേഖലയിലെ ചികിത്സകന് തടസമില്ലാതെ ലഭ്യമാക്കുന്നു. വ്യക്തികളുടെ സമഗ്രമായ ആരോഗ്യ രേഖകൾ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കിയ ആശുപത്രികളിൽ ലഭ്യമാകുന്നതിനാൽ തുടർ ചികിത്‌സ മികവുറ്റ രീതിയിൽ നിർണയിക്കാൻ സാധിക്കുന്നു. രോഗികൾക്ക് തങ്ങളുടെ ചികിൽസാ സംബന്ധിയായ രേഖകൾ കൊണ്ടുനടക്കേണ്ട ആവശ്യവും ഇല്ലാതാകുന്നു. ഇതുവഴി കേരളത്തിലെ സർക്കാർ ആരോഗ്യരംഗത്ത് ഡിജിറ്റൽ ഹെൽത്ത് സംവിധാനം നടപ്പിൽവരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top