തിരുവനന്തപുരം > ഇ പി ജയരാജന്റെ ആത്മകഥയിലേതെന്നു പറഞ്ഞ് പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വ്യാജമെന്ന് പുറത്ത് വന്നതിന് പിന്നാലെ പുസ്തകം ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന ന്യായവുമായി ഡിസി. 'കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ്' എന്നാണ് ഡിഡി ഫേസ്ബുക്ക് കുറുപ്പിൽ ന്യായീകരിക്കുന്നത്.
എഴുതി തീരാത്ത പുസ്തകം ഉടൻവരുന്നു എന്ന് കാട്ടി കഴിഞ്ഞ ദിവസം ഡിസി ബുക്സ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പല അപ്രിയ സത്യങ്ങളും തുറന്നു പറയുന്നു എന്നായിരുന്നു ഡിസി ബുക്സിന്റെ അവകാശവാദം. ഇതിന് പിന്നാലെ പുസ്തകത്തിന്റെ കെട്ടിച്ചമച്ച പേജുകൾ കാട്ടി രാവിലെ മുതൽ ട്വന്റിഫോർ, ഏഷ്യാനെറ്റ്, മാതൃഭൂമി, റിപ്പോർട്ടർ അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടു. രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് ഇപി ജയരാജയൻ, എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം, പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി യായി സരിനെ തെരഞ്ഞെടുത്തത് തെറ്റ് എന്നൊക്കെ ആത്മകഥയിൽ പറയുന്നു എന്നെല്ലാമായിരുന്നു മാധ്യമ വാർത്തകൾ.
എന്നാൽ തന്റേതെന്ന് പറഞ്ഞ് പ്രസിദ്ധീകരിക്കുന്ന ഒരക്ഷരം പോലും താൻ പറഞ്ഞിട്ടില്ലെന്നും ഒറ്റപ്പേജു പോലും പ്രസിദ്ധീകരിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഡി സി ബുക്സുമായി ഒരു കരാറുമില്ലെന്നും ഇപി തുറന്നടിച്ചു. മാതൃഭൂമിയും ഡിസി ബുക്സും ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി സമീപിച്ചിരുന്നു. ആലോചിച്ച് പറയാമെന്നു മാത്രമായിരുന്നു മറുപടി നൽകിയത്. താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്നത്. തന്നെയും പാർടിയെയും നശിപ്പിക്കാനുള്ള നീക്കമാണ് ഇത്. പൂർണമായും ആസൂത്രിതമായ പദ്ധതിയാണ്. തെരഞ്ഞെടുപ്പു ദിവസം തന്നെ താൻ പാർടിക്ക് എതിരെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഡി സിബുക്സിന്റെ പ്രതികരണം. എന്നാൽ പുസ്തകം തന്റേതല്ലെന്ന് എഴുതിയ ആൾ തന്നെ വ്യക്തമായി പറയുമ്പോഴും ഇതെല്ലാം ഇപി പറഞ്ഞത് തന്നെ എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..