തിരുവനന്തപുരം
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ നടപടി വൈകുന്നതിനെതിരെ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഹൈക്കോടതിയിൽ. എത്രയും പെട്ടെന്ന് കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ മജിസ്‌ട്രേറ്റ് കോടതിയോട് നിർദേശിക്കണമെന്നാണ് ആവശ്യം.
ബിജെപിയിൽ ചേരാൻ ഇ പി നേതാക്കളുമായി ചർച്ച നടത്തിയെന്നും ദല്ലാൾ നന്ദകുമാറുമായി ദില്ലിയിലെ ഹോട്ടലിൽ തന്നെ കണ്ട് ഇക്കാര്യം സംസാരിച്ച് ഉറപ്പിച്ചുവെന്നും പിന്നീട് പിൻമാറിയെന്നുമുള്ള പച്ചക്കള്ളമാണ് ശോഭാസുരേന്ദ്രൻ പറഞ്ഞത്. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്ന് കാണിച്ച് ഇ പി ജൂൺ 15 ന് കണ്ണൂർ കോടതിയിൽ ഹർജി നൽകി. ജൂലൈ 25 ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിനായി കേസ് ഡിസംബറിലേക്ക് മാറ്റി. ഈ നടപടി കേസിന്റെ നടത്തിപ്പിന് കാലതാമസവും അതുമൂലം തനിക്ക് അപരിഹാര്യമായ കഷ്ടനഷ്ടങ്ങളും ഉണ്ടാകുന്നുവെന്നും ഇ പി ഹർജിയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..