22 December Sunday

നിപാ പ്രതിരോധം: ഇ സഞ്ജീവനിയിൽ പ്രത്യേക ഒപി ക്ലിനിക്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

തിരുവനന്തപുരം > മലപ്പുറത്ത് നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപായുടെ തുടക്കം മുതൽ ഇ സഞ്ജീവനി വഴി ഓൺലൈൻ കൺസൾട്ടേഷൻ നൽകിയിരുന്നു. ഇത് കൂടാതെയാണ് നിപാ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. നിപായുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് ആശുപത്രിയിൽ പോകാതെ ഡോക്ടറുടെ സേവനം തേടാൻ ഇതിലൂടെ സാധിക്കുന്നു. ഇതുകൂടാതെ മറ്റ് അസുഖങ്ങൾക്ക് പ്രത്യേക ഒപി വിഭാഗങ്ങളും ലഭ്യമാണ്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു.

ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇ സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമിലൂടെ ത്രിതല ഹബ് ആൻഡ് സ്പോക്ക് സംവിധാനം വഴി ഡോക്ടർ ടു ഡോക്ടർ സേവനവും ലഭ്യമാണ്.

പൊതുജനങ്ങൾക്ക് ഇതിലൂടെ മെഡിക്കൽ കോളേജുകളിൽ പോകാതെ തന്നെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകുന്നു. ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശ വർക്കർമാർ, സ്റ്റാഫ് നഴ്‌സുമാർ, ജെഎച്ച്ഐ, ജെപിഎച്ച്എൻ എന്നിവർക്കും ഇ സഞ്ജീവനി വഴി ഡോക്‌ടർമാരുടെ സേവനം തേടാവുന്നതാണ്. ഇതിലൂടെയെല്ലാം സമയവും യാത്രാചെലവുമെല്ലാം ലാഭിക്കാവുന്നതാണ്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്‌ടറെ കാണാം?

· ആദ്യമായി https://esanjeevani.mohfw.gov.in എന്ന ഓൺലൈൻ വെബ് സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ സഞ്ജീവനി ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

· ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണോ, കമ്പ്യൂട്ടറോ, ടാബോ ഉണ്ടെങ്കിൽ https://esanjeevani.mohfw.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കാം.

· Patient എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്‌ത ശേഷം ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്യുക. അതിനു ശേഷം കൺസൾട്ട് നൗ എന്ന ഐക്കൺ ക്ലിക്ക് ചെയ്‌ത ശേഷം chief complaints എന്ന ഓപ്ഷനിൽ നിങ്ങളുടെ പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങൾ രേഖപ്പെടുത്തുക.

· അതിനു ശേഷം സേവ് & നെക്സ്റ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുകയും രേഖപ്പെടുത്തിയ രോഗ ലക്ഷണവുമായി ബന്ധപ്പെട്ട തുടർ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുകയും ചെയ്യുക. തുടർന്ന് വലതു വശത്തെ arrow mark ൽ ക്ലിക്ക് ചെയ്‌ത ശേഷം query option നിർബന്ധമായും ഫിൽ ചെയ്യുക.

· അടുത്തതായി വരുന്ന Within state only എന്ന ഓപ്ഷൻ കൊടുക്കുകയും NIPAH OPD സെലക്‌ട് ചെയ്യുകയും ചെയ്യുക. തുടർന്ന് ഡോക്ടറെ സെലക്ട് ചെയ്‌ത് കോൾ ചെയ്‌ത ശേഷം രോഗ വിവരങ്ങൾ പറഞ്ഞ് കൺസൾട്ടേഷൻ പൂർത്തിയാക്കാം.

· ഒപി കൺസൾട്ടേഷൻ പൂർത്തിയാക്കിയ ശേഷം ഡോക്‌ടറുടെ കുറിപ്പടി ഡൗൺലോഡ് ചെയ്‌ത് തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും നിർദേശിച്ചിട്ടുള്ള മരുന്നുകൾ വാങ്ങാനും ലാബ് പരിശോധനകൾ നടത്താനും സാധിക്കുന്നതാണ്.

· സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്‌ർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top