തിരുവനന്തപുരം > കേരളത്തിലെ രജിസ്‌ട്രേഷൻ ഇടപാടുകൾ ആഗസ്‌ത് ഒന്നുമുതൽ സമ്പൂർണ ഇ–-സ്റ്റാമ്പിങ്ങിലേക്ക് മാറും. ഇതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ട്രഷറി, രജിസ്‌ട്രേഷൻ വകുപ്പുകൾക്ക് നിർദേശം നൽകി. 25 മുതൽ തെരഞ്ഞെടുത്ത സബ് രജിസ്‌ട്രാർ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പാക്കും.
ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങൾ 2017 മുതൽ ഇ–-സ്റ്റാമ്പിങ്ങിലേക്ക് മാറ്റിയിരുന്നു. അതിനുതാഴേക്കുള്ള മുദ്രപ്പത്രങ്ങളാണ് പുതിയ സംവിധാനത്തിലേക്ക് മാറ്റുന്നത്. നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള മുദ്രപ്പത്രങ്ങൾക്കും ഇത് ബാധകം. ഡിജിറ്റൽ സേവനങ്ങളിലൂടെ ജനങ്ങൾക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിനൊപ്പം വെണ്ടർമാരുടെ തൊഴിൽ സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. ലക്ഷം രൂപവരെയുള്ള മുദ്രപ്പത്ര വിൽപ്പന തുടർന്നും അംഗീകൃത സ്റ്റാമ്പ് വെണ്ടർമാരിലൂടെയാകും.
ഇ–-സ്റ്റാമ്പ് നേടേണ്ടത്
ഇങ്ങനെ
ആധാരം രജിസ്റ്റർ ചെയ്യേണ്ടവർ രജിസ്‌ട്രേഷൻ വകുപ്പിന്റെ ‘പേൾ’ (PEARL) ആപ്ലിക്കേഷനിലൂടെ ‘രജിസ്‌ട്രേഷൻ കേരള’ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യണം. രജിസ്‌ട്രേഷൻ നടത്തേണ്ട സബ് രജിസ്‌ട്രാർ ഓഫീസ് കണ്ടെത്തി ടോക്കൺ എടുക്കണം. വെബ്സൈറ്റിൽ ലഭ്യമായ മാതൃകാ ആധാരമുപയോഗിച്ച് ആധാരം സ്വയം തയ്യാറാക്കാം. ആധാരവിലയുടെ അടിസ്ഥാനത്തിൽ മുദ്രവിലയ്‌ക്ക് അനുസരിച്ച് യുണീക് ട്രാൻസാക്ഷൻ ഐഡി, ഇ–-സ്റ്റാമ്പ് റഫറൻസ് നമ്പർ എന്നിവയുള്ള പേ–-സ്ലിപ്പ് ലഭിക്കും. ഇതുമായി ഇ–-സ്റ്റാമ്പ് വിതരണ ലൈസൻസുള്ള വെണ്ടറെ സമീപിക്കണം. വെണ്ടർക്ക് ട്രഷറിയിൽനിന്ന് നൽകിയ അക്കൗണ്ട് ലോഗിൻചെയ്ത് സ്റ്റാമ്പ് ലഭ്യമാക്കാം.
ക്ഷാമം പരിഹരിക്കും
ചെറിയ മൂല്യമുള്ള മുദ്രപ്പത്ര ക്ഷാമം പരിഹരിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകിയിരുന്നു. ക്ഷാമമുള്ളവയ്‌ക്കുപകരം മറ്റ് മുദ്രപ്പത്രങ്ങൾ റീവാലിഡേറ്റ്ചെയ്ത് വിതരണം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..