22 December Sunday

ആധാരം ഡിജിറ്റലാകും ആരും വഴിയാധാരമാകില്ല ; ഇ–സ്റ്റാമ്പിങ്ങിൽ സർക്കാരിന്റെ ഉറപ്പ്‌

വി എസ്‌ വിഷ്‌ണുപ്രസാദ്‌Updated: Tuesday Jul 23, 2024


തിരുവനന്തപുരം
കേരളത്തിൽ രജിസ്‌ട്രേഷൻ നടപടി സമ്പൂർണ ഇ–സ്റ്റാമ്പിങ്‌ സംവിധാനത്തിലേക്ക്‌ മാറുന്നതോടെ സംസ്ഥാന ഖജനാവിന്‌ ലാഭം പ്രതിവർഷം 60 കോടിയോളം രൂപ. നാസിക്കിലെ കറൻസി നോട്ട് പ്രസിൽനിന്ന്‌ മുദ്രപ്പത്രം അച്ചടിച്ച്‌ വിതരണം ചെയ്യുന്ന ചെലവാണ്‌ സർക്കാരിന്‌ ലാഭിക്കാനാകുന്നത്‌.

വിവിധ ജില്ലകളിൽ ഉപയോഗിച്ചുവരുന്ന ആധാരഭാഷകൾ ഏകീകരിക്കുന്ന നടപടികളും ഇതോടൊപ്പം പുരോഗമിക്കുകയാണ്‌. ഓരോ ആധാരത്തിനും ഉപയോഗിക്കുന്ന ഭാഷകൾ തമ്മിൽ വ്യത്യാസമുണ്ട്‌. ഇവയ്‌ക്ക്‌ ഏകീകൃതരൂപമുണ്ടാക്കി സോഫ്‌റ്റ്‌വെയറിൽ ഉൾപ്പെടുത്തും. നാഷണൽ ഇൻഫൊർമാറ്റിക്‌ സെന്റർ (എൻഐസി)ആണ്‌ സോഫ്‌റ്റ്‌വെയർ ഒരുക്കുന്നത്‌. ആധാര മാതൃകകൾ (ടെംപ്ലേറ്റുകൾ) ഉപയോഗിക്കുമ്പോൾ അതിനനുസരിച്ചുള്ള ഭാഷ യാന്ത്രികമായി തെരഞ്ഞെടുക്കുന്ന രീതിയിലാണ്‌ സോഫ്‌റ്റ്‌വെയർ സജ്ജീകരിക്കുന്നത്‌. 19 തരം ആധാരങ്ങളാണ്‌ കേരളത്തിൽ ഉപയോഗിക്കുന്നത്‌. ഇവയുടെ ടെംപ്ലേറ്റുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ടെംപ്ലേറ്റ്‌ രൂപീകരിച്ചതോടെ ആധാരം എഴുത്തുകാരുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇത്‌ പരിഹരിക്കാനുള്ള ചർച്ച തുടരുകയാണ്‌. ബുധനാഴ്‌ച വീണ്ടും ആധാരമെഴുത്തുകാരുമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൂടിക്കാഴ്‌ച നടത്തും. ഇവരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനുള്ള നടപടികളും തുടരും. ‘ആധാരം ഡിജിറ്റലാകുമ്പോൾ ആരും വഴിയാധാരമാകില്ല’ എന്ന്‌ മന്ത്രി ഉറപ്പ്‌ നൽകിയിട്ടുണ്ട്‌. എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ടുള്ള ആധുനികവൽക്കരണം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്‌.

‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട്‌’–- എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌ സർക്കാർ തയ്യാറാക്കുന്ന ‘എന്റെ ഭൂമി’ പദ്ധതിയുടെ ഭാഗമായാണ്‌ രജിസ്‌ട്രേഷൻ നടപടികളും ഡിജിറ്റലാക്കുന്നത്‌. ആഗസ്‌തുമുതൽ കേരളത്തിലെ രജിസ്‌ട്രേഷൻ ഇടപാടുകൾ പൂർണമായി ഇ–- സ്റ്റാമ്പിങ്ങിലേക്ക്‌ മാറും. ഇതിനുള്ള ഒരുക്കം വേഗത്തിലാക്കിയിട്ടുണ്ട്‌. വ്യാഴംമുതൽ ട്രയൽ റൺ ആരംഭിക്കും. ഇ-–- സ്റ്റാമ്പിങ്‌ വരുന്നതോടെ ‘മുദ്രപ്പത്രക്ഷാമം’ എന്ന പരാതി പൂർണമായും ഇല്ലാതാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top