കൊച്ചി
കേൾവിയുടെ ലോകം എല്ലാ കുരുന്നുകൾക്കും സമ്മാനിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് കേൾവിക്കുറവുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പാണ് നേതൃത്വം നൽകുന്നത്. സാമൂഹ്യസുരക്ഷാ മിഷന്റെ എസ്‌ഐഡി (സ്‌റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ്) വഴി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നൽകി. 21.65 ലക്ഷം രൂപയും അനുവദിച്ചു.
ആദ്യം തൃശൂരും തുടർന്ന് മറ്റു ജില്ലകളും പദ്ധതി നടപ്പാക്കും. ആറുവയസ്സുവരെയുള്ള എല്ലാ കുട്ടികളുടെയും കേൾവി പരിശോധിക്കും. കുറവുള്ള കുട്ടികൾക്ക് ചികിത്സ, സഹായ ഉപകരണങ്ങൾ എന്നിവ നൽകും. മുഴുവൻ വാർഡുകളിലെയും മൂന്നുവയസ്സുവരെയുള്ളകുട്ടികളെ പൊതുകേന്ദ്രത്തിലെത്തിച്ച് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, ആശാ വർക്കർമാർ എന്നിവർ പരിശോധിക്കും.കേൾവിക്കുറവുള്ളവർക്ക് വിദഗ്‌ധചികിത്സ നൽകും. മൂന്നുമുതൽ ആറുവയസ്സുവരെയുള്ളവരുടെ കേൾവിശക്തി കുടുംബാംഗങ്ങളുടെ സഹായത്തോടെ പരിശോധിക്കും.
ചോദ്യാവലി തയ്യാറാക്കി കുടുംബാംഗങ്ങൾക്ക് നൽകും. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികൾക്കും ചികിത്സ നൽകും.
അങ്കണവാടി ജീവനക്കാർ മുഖേനയാണ് കുട്ടികളെ കണ്ടെത്തി പരിശോധനാകേന്ദ്രങ്ങളിൽ എത്തിക്കുക.
പദ്ധതി നടപ്പാക്കാൻ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ആശ, അങ്കണവാടി ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകും. കേൾവിക്കുറവുള്ള കുട്ടികളെ ഗുണഭോക്താക്കളാക്കും. പദ്ധതിക്കായി മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..