തിരുവനന്തപുരം > 2017 ഒക്‌ടോബർ ആറ്;- എബി രാജേഷ് തോമസ് എന്ന അന്നത്തെ ആറാം ക്ലാസുകാരന്റെ ഉള്ളുലഞ്ഞ് പോയ ദിവസം. 2018 ഏപ്രിൽ 28; നിരാശയിലാണ്ട ജീവിതം അസാമാന്യ ഉൾക്കരുത്തോടെ തിരിച്ചുപിടിച്ച് അവൻ ഉറ്റവരെ നോക്കി പുഞ്ചിരിച്ചു. 2024 ഒക്‌ടോബർ 14; തന്നെപോലെ അനേകരിൽ ചിരി നിറയ്ക്കാനുള്ള തുടക്കത്തിനായി എബി കാത്തിരിക്കുന്നു.
കഴക്കൂട്ടം ജിഎൻആർഎ73എയിൽ കലുങ്കിൽവീട്ടിൽ രാജേഷിന്റെയും അധ്യാപികയായ ഷീബയുടെയും മകൻ എബിക്ക് ഈ ദിവസങ്ങൾ അത്രയ്ക്ക് പ്രധാനപ്പെട്ടതാണ്. ആദ്യ തീയതി ശരീരത്തിൽ പടർന്ന വേദന അർബുദമാണെന്ന് തിരിച്ചറിഞ്ഞ ദിവസം. രണ്ടാമത്തേത് രോഗത്തെ കീഴടക്കിയ ദിനം. അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒപ്പം ഉണ്ടായിരുന്നവർ നൽകിയ ഊർജത്തിൽ എബി ഡോക്ടറാകും. ഒക്‌ടോബർ 14ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർഥിയായി ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടി ചവിട്ടും.
ചെറുപ്പത്തിൽ കാലിന് വരുന്ന വേദന സഹിക്കാനായിരുന്നില്ല എബിക്ക്. ബാഡ്‌മിന്റൺ കളിച്ചിരുന്നതിനാൽ അതിനെ തുടർന്നുള്ള എന്തെങ്കിലും പ്രശ്‌നമാകുമെന്നാണ് കരുതിയതെന്ന് അമ്മ ഷീബ പറഞ്ഞു. എന്നാൽ, പരിശോധനയിൽ അർബുദം സ്ഥിരീകരിച്ചു. ‘ഓസ്റ്റിയോ സാർക്കോമ’ എന്ന അർബുദമായിരുന്നു. തുടയെല്ലിന്റെ താഴ്‌ഭാഗത്തായിരുന്നു ട്യൂമർ. കാൽ മുറിച്ചുമാറ്റി പകരം കൃത്രിമ കാൽ വയ്ക്കുകയായിരുന്നു പ്രതിവിധി. ഇതിനിടെയാണ് ട്യൂമർ ബാധിച്ച അസ്ഥി മുറിച്ചുമാറ്റി പകരം കൃത്രിമ അസ്ഥി വച്ചു പിടിപ്പിക്കുകയും കാൽ വളരുന്നതിനനുസരിച്ച് പ്രത്യേക സംവിധാനത്തിലൂടെ ഈ അസ്ഥിക്ക് നീളം വർധിപ്പിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് അറിഞ്ഞത്. സങ്കീർണമായ ശസ്‌ത്രക്രിയയുടെയും ആശുപത്രി വാസത്തിന്റെയും നാളുകൾ. എൻജിനിയറാകാൻ സ്വപ്നം കണ്ട എബി തന്റെ ഡോക്ടർമാരെ ശ്രദ്ധിച്ചത് അപ്പോഴാണ്. അർബുദത്തെ കീഴടക്കി സാധാരണ നിലയിലേക്ക് എത്തിയപ്പോഴേക്കും ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. ബോബൻ തോമസും അച്ഛന്റെ സഹോദരൻ കൂടിയായ ഡോ. റെനു തോമസുമെല്ലാം എബിയുടെ ഹീറോകളായി. ഇതോടെ ഡോക്ടറാകണമെന്നത് വലിയ സ്വപ്നമായി–-എബി പറഞ്ഞു. പ്ലസ്‌ടു പഠനത്തിനൊപ്പം നീറ്റ് എൻട്രൻസിനും തയ്യാറെടുത്തു. തുമ്പ വിഎസ്‌എസ്‌സി സെൻട്രൽ സ്‌കൂളിലായിരുന്നു പഠനം. സഹോദരി സ്‌നേഹ ഫ്രാൻസിൽ എംബിഎ വിദ്യാർഥിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..