തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) നിർബന്ധിച്ചെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കുരുക്ക്. ഇതേക്കുറിച്ചും വരുംദിവസങ്ങളിൽ അന്വേഷണം നടത്തേണ്ടിവരും. ഇക്കാര്യം വെളിപ്പെടുത്തുന്ന സ്വപ്‌നയുടെ ശബ്‌ദരേഖ പുറത്തുവന്നെങ്കിലും അതേക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ തയ്യാറായില്ല. പുറത്തുവന്ന മൊഴി പൊലീസ് ഉദ്യോഗസ്ഥയുടേതാണെന്നത് ഗൗരവം വർധിപ്പിക്കുന്നു. കൊച്ചി സിറ്റിയിലെ മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും സമാന മൊഴി നൽകിയതായി അറിയുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും സ്‌പീക്കർക്കുമെതിരെ സ്വപ്‌ന നൽകിയതെന്ന് അവകാശപ്പെടുന്ന രഹസ്യമൊഴി കസ്‌റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഈ മൊഴി നൽകുന്നതിനുമുമ്പാണ് മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദമുള്ളതായി സ്വപ്‌ന വെളിപ്പെടുത്തിയത്. ചോദ്യം ചെയ്യുന്ന സമയങ്ങളില്‍ സിവിൽ പൊലീസ് ഓഫീസർ സിജി വിജയന്‍ സ്വപ്നയ്‌ക്ക് ഒപ്പമുണ്ടായിരുന്നു.
ഇഡി ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ മൊഴി ലഭിച്ചത്. ഒരു സേനാംഗംതന്നെ അന്വേഷണ ഏജൻസിക്കെതിരെ മൊഴി നൽകുന്നത് അപൂർവമാണ്. അതിനാൽ മൊഴിയിൽനിന്ന് ഇഡിക്ക് ഒഴിയാനാകില്ല.
സ്വപ്‌നയുടെ ശബ്‌ദരേഖയെ കുറിച്ച് അന്വേഷിക്കുന്നതിന് പകരം പകരം ശബ്‌ദം അവരുടേതാണോ, എങ്ങനെ പുറത്ത് വന്നു എന്ന് അന്വേഷിക്കാൻ ഇഡി ജയിൽ മോധവിക്ക് കത്ത് നൽകി. ശബ്‌ദരേഖ തന്റേതെന്ന് സ്വപ്‌ന ഡിഐജിക്ക് മൊഴി നൽകി. ഇതോടെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഇഡി ജയിൽ മോധാവിക്ക് വീണ്ടും കത്ത് നൽകി. തുടർന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..