23 December Monday

ഭൂമിക്കടിയിൽനിന്ന് ശബ്ദം: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ശാസ്ത്രജ്ഞർ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

പോത്തുകല്ല് ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്ന് ശബ്ദം കേട്ട് വീടുകളിൽനിന്ന് പുറത്തിറങ്ങിയവർ (ഫയൽ ചിത്രം)

എടക്കര/മലപ്പുറം> ഭൂമിക്കടിയിൽനിന്ന് തുടർച്ചയായ ശബ്ദവും പ്രകമ്പനവും ഉണ്ടായ പോത്തുകൽ പഞ്ചായത്തിലെ ഉപ്പട ആനക്കല്ല് പ്രദേശത്ത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് (എൻസിഇഎസ്എസ്) ശാസ്ത്രജ്ഞർ പരിശോധന നടത്തി. ഭയപ്പെടേണ്ട ഒരു സാഹചര്യവും പ്രദേശത്തില്ലെന്നും പീച്ചിയിലും കണ്ണൂരിലുമുള്ള സിസ്മിക് സ്റ്റേഷനിൽനിന്ന് ലഭിച്ച ഡാറ്റ പ്രകാരം 1.5 മാഗ്‌നിറ്റിയൂഡിന് മുകളിലുള്ള പ്രകമ്പനങ്ങൾ പ്രദേശത്ത് റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ലെന്നും ശാസത്രജ്ഞർ വ്യക്തമാക്കി.

കാലപ്പഴക്കം ചെന്ന വിള്ളലുകളാണ് കെട്ടിടങ്ങൾക്കുള്ളതെന്നും കണ്ടെത്തി. പ്രദേശവാസികളുമായി സംസാരിച്ച സംഘം, കേരളത്തിൽ പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത രണ്ടുമൂന്നു മാസം പ്രദേശം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അറിയിച്ചു.

ധാരാളം കുഴൽക്കിണറുകൾ ചെറിയ ചുറ്റളവിൽ കാണപ്പെടുന്നതും ഇതിൽ നിന്നുണ്ടാകുന്ന അമിത വെള്ളത്തിന്റെ ഉപയോഗമോ പാറകൾ തെന്നിമാറുന്നതോ ഇത്തരം ശബ്ദങ്ങൾക്കും പ്രകമ്പനങ്ങൾക്കും കാരണമാകാറുണ്ടെന്നും പുതുതായി പ്രകമ്പനങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അറിയിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശപ്രകാരമാണ് എൻസിഇഎസ്എസ് സംഘം പരിശോധനക്കെത്തിയത്. ശാസ്ത്രജ്ഞരായ സുരേഷ് കുമാർ, രുദ്ര മോഹൻ പ്രദാൻ, സാങ്കേതിക വിദഗ്ധൻ കെ. എൽദോസ് എന്നിവരാണ് പരിശോധനക്കെത്തിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top